പ്രിഗോഷിനെ പുടിൻ വെറുതെ വിടാൻ സാധ്യതയില്ല -സി.ഐ.എ
text_fieldsമോസ്കോ: വാഗ്നർ കൂലിപ്പട്ടാളം ഉയർത്തിയ അട്ടിമറി ഭീഷണി അവസാനിച്ചെങ്കിലും റഷ്യൻ പ്രസിഡന്റ് അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ തലവൻ വില്യം ബേൺസ്. വാഗ്നർ സംഘത്തിന്റെ നേതാവ് യെവ്ജനി പ്രിഗോഷിനെതിരെ പ്രതികാര നടപടിക്ക് പുടിൻ അനുയോജ്യമായ സമയം നോക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് വാഗ്നർ കൂലിപ്പട്ടാളത്തിന്റെ നേതൃത്വത്തിൽ കലാപമുയർത്തുകയും അട്ടിമറി ശ്രമം നടത്തുകയും ചെയ്തത്. എന്നാൽ, ബെലറൂസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചക്കൊടുവിൽ അട്ടിമറിശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പുടിന്റെ അധികാര സംവിധാനത്തിലെ ദൗർബല്യമാണ് അട്ടിമറി നീക്കം വെളിപ്പെടുത്തിയതെന്ന് ആസ്പെൻ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കവേ സി.ഐ.എ ഡയറക്ടർ പറഞ്ഞു. ആഫ്രിക്ക, ലിബിയ, സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ റഷ്യക്ക് വാഗ്നർ സംഘത്തെ ഇപ്പോഴും ആവശ്യമുണ്ട്. അതിനാൽ, പ്രിഗോഷിനിൽനിന്ന് സംഘത്തെ വേർപെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകും. കൃത്യമായ പ്രതികാരത്തിനുവേണ്ടി പുടിൻ കാത്തിരിക്കുകയാണ്. പകരംവീട്ടലിന്റെ അപ്പോസ്തലനാണ് പുടിൻ. അതിനാൽ, പ്രിഗോഷിനെതിരെ പ്രതികാര നടപടി ഉണ്ടായില്ലെങ്കിൽ അത്ഭുതമായിരിക്കും.
വാഗ്നർ തലവനെ വിഷം കൊടുത്ത് കൊല്ലാൻ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിലും മെനുവിലും അതീവ ശ്രദ്ധ പുലർത്തുമായിരുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സമാനമായ രീതിയിലാണ് സി.ഐ.എ ഡയറക്ടറും സംസാരിച്ചത്. താൻ പ്രിഗോഷിനായിരുന്നെങ്കിൽ, ഭക്ഷണം രുചിച്ചുനോക്കുന്നയാളെ പിരിച്ചുവിടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.