പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; പ്രതികൾ കോടതിയിൽ ഹാജരാകണം
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകട ദുരന്ത കേസിലെ പ്രതികൾ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവ്. മെയ് 23ന് പ്രതികൾ ഹാജരാകണമെന്നാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം.ബി.സ്നേഹലത ഉത്തരവിട്ടത്.
ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം കാമ്പസിലെ പഴയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകട സ്പെഷ്യൽ കോടതിയിലേക്ക് കേസ് മാറ്റുന്നതിന് മുന്നോടിയായിട്ടാണ് സെഷൻസ് കോടതിയിൽ പ്രതികൾ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2016 ഏപ്രിൽ 10ന് നടന്ന വെടിക്കെട്ട് ദുരന്തത്തിൽ 110 ആളുകൾ മരിക്കുകയും 656 ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കലക്ടർ ഷൈന മോളുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് പ്രതികൾ പുറ്റിങ്ങൽ ക്ഷേത്രത്തിൽ മത്സര വെടിക്കെട്ട് നടത്തിയത്. ഒമ്പതിന് രാത്രി 11.30ക്ക് ക്ഷേത്ര കോമ്പൗണ്ടിൽ വർക്കല കൃഷ്ണൻകുട്ടിയും കഴക്കൂട്ടം സുരേന്ദ്രനും തമ്മിലുള്ള മത്സര കമ്പം സംഘടിപ്പിച്ചത്.
ഒന്നാം പ്രതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കുട്ടിക്കൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള 15 അംഗ ഉത്സവ കമ്മിറ്റി ആണെന്നാണ് കുറ്റപത്രം. 4, 10000 രൂപ വീതം ക്യാഷ് പ്രൈസും, പരവൂർ പ്രേം ഫാഷൻ ജ്വല്ലറി നൽകുന്ന നാലര പവന്റെ സ്വർണ്ണകപ്പിനും മറ്റനേകം ട്രോഫികളും വാഗ്ദാനം ചെയ്തായിരുന്നു മത്സര കമ്പം സംഘടിപ്പിച്ചത്.
രാത്രി 11.56ഓടെ കൂടി വർക്കല കൃഷ്ണൻകുട്ടി നിരോധനം ലംഘിച്ച് മത്സര കമ്പത്തിന് തിരികൊളുത്തി. ഗുണ നിലവാരം ഇല്ലാത്ത പടക്കങ്ങളും അമിട്ടുകളും ഉപയോഗിച്ച് നിശ്ചിത ദൂര പരിധി ഇല്ലാതെയും ബാരിക്കേഡില്ലാതെയും ക്ഷേത്ര കോമ്പൗണ്ടിൽ നടത്തിയ മത്സര കമ്പം നിമിഷങ്ങൾക്കകം അപകടത്തിലേക്ക് നയിക്കുകയായിരുന്നു.
16ാം പ്രതി ഉമേഷ് എന്ന തൊഴിലാളിയുടെ കയ്യിൽ ഇരുന്ന അമിട്ടുപൊട്ടിത്തെറിച്ചതിന്റെ തീപ്പൊരിയിൽ നിന്നാണ് ദുരന്തം പിറന്നത്. ക്രൈം ബ്രാഞ്ച് എസ്.പി.ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തി കേസിൽ 59 പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്.
കലക്ടർ ആയിരുന്ന ഷൈനാ മോൾ, എ.ഡി.എം ആയിരുന്ന ഷാനവാസ്, നിലവിലെ ഡി.ഐ.ജി പ്രകാശ്, പി.ഡബ്ല്യു. ഡി എൻജിനീയർമാർ,ഫോറൻസിക് വിദഗ്ദ്ധരായ ഡോ. ആർ.വിനോദ് കുമാർ, ഡോ.എസ്.എസ് സനുകുമാർ, മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രികളിലെയും മുപ്പതോളം ഡോക്ടർമാർ,ഡോ. റാം മനോഹർ ലോഹിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ, ഡൽഹി എയിംസിലെ ഡോക്ടർമാർ, ന്യൂ ഡൽഹി സഫ്ദർ ജൗങ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജറി ഡോക്ടർമാർ, വിവിധ മൊബൈൽ സർവീസ് പ്രൊവൈഡർമാർ, സ്ഫോടക വസ്തു നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പ് മേധാവികൾ എന്നിങ്ങനെ നിരവധി പേർ പ്രധാന സാക്ഷികളാണ്.
ഉത്സവ കമ്മിറ്റി മെമ്പർമാർ അടക്കം 1 മുതൽ 44 വരെയുള്ള പ്രതികൾക്ക് സ്ഫോടക വസ്തു നിയമം, കൊലകുറ്റമടക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾക്ക് ഐ.പി.സി വകുപ്പുകൾക്ക് പുറമെ സ്ഫോടക വസ്തു നിയമത്തിലെ പ്രസക്ത വകുപ്പുകളും ചുമത്തിട്ടുണ്ട്.
1417 സാക്ഷികളും, 1611 രേഖകളും, 376 തൊണ്ടിമുതലുകളും ഉള്ള ഈ കേസിൽ 51 പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് നൽകി. പതിനായിരം പേജുള്ള കുറ്റപത്രത്തിന്റെ പകർപ്പ് ഡിജിറ്റലായും മാന്വൽ ആയും നൽകി. പുറ്റിങ്ങൽ സ്പെഷ്യൽ കോടതിയിലെ കമ്പ്യൂട്ടർ വൽക്കരണവും ഇലക്ട്രിക്കൽ വർക്കും മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൂടി പൂർത്തിയായാൽ സ്പെഷ്യൽ കോടതിയിലേക്കു സെഷൻസ് കോടതി കേസ് മാറ്റും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ആണ് ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.