പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭാരവാഹികളും കരാറുകാരുമടക്കം 59 പ്രതികൾ
text_fieldsതിരുവനന്തപുരം: 110 പേരുടെ ദാരുണമരണത്തിനിടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ വീഴ്ചവരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൂര്‍ണമായി ഒഴിവാക്കി കുറ്റപത്രം തയാറായി. കുറ്റപത്രത്തിന് ഡി.ജി.പി അംഗീകാരവും നൽകി. അന്തിമഅനുമതിക്കായി കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി അടുത്തദിവസം തന്നെ റിപ്പോര്‍ട്ട് കൊല്ലം കലക്ടര്‍ക്ക് കൈമാറും. കലക്ടറുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ക്ഷേത്രകമ്മിറ്റിക്കാരും വെടിക്കെട്ട് കരാറുകാരും മാത്രമാണ് കുറ്റപത്രത്തിൽ പ്രതികൾ. ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടില്ലെന്നും അവർക്കായി പ്രത്യേക അന്വേഷണം നടത്തുമെന്നുമാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ വിശദീകരണം.
പുറ്റിങ്ങല്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെട്ടിക്കെട്ട് കരാറുകാരുമടക്കം 59 സാധാരണക്കാര്‍ മാത്രമാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. ഇവരില്‍ ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചവരുമാണ്. കൊലക്കുറ്റം അടക്കം പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിട്ടുള്ളത്. 2016 ഏപ്രില്‍ പത്തിനുണ്ടായ വെടിക്കെട്ടപകടത്തില്‍ 110 പേർ മരിച്ചു. അതിലധികം പേര് ഗുരുതരപരിക്കുകളുമായി ജീവിക്കുന്ന രക്തസാക്ഷികളായി തുടരുന്നു. ഉദ്യോഗസ്ഥ അനാസ്ഥയാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായതാണ്.
വീഴ്ചകളുടെ ഉത്തരവാദിത്തത്തെ ചൊല്ലി ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും പൊലീസ് മേധാവിയായിരുന്ന ടി.പി. െസൻകുമാറും തമ്മില്‍ തർക്കവുമുണ്ടായിരുന്നു. ഇതിനൊടുവിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ രണ്ടരവര്‍ഷത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കുമ്പോള്‍ ഈ വീഴ്ചകളൊന്നും പരിഗണിക്കാതെ അന്വേഷണം അട്ടിമറിെച്ചന്ന കാര്യം വ്യക്തമാകുന്നു. അപകടത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ കമീഷെൻറ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.