പുറ്റിങ്ങല്‍ ദുരന്തം: ജുഡീഷ്യല്‍ കമീഷന്‍െറ കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍
text_fieldsതിരുവനന്തപുരം: കൊല്ലം പുറ്റിങ്ങലില്‍ 110 പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ കമീഷന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകും. ആറുമാസത്തെ കാലാവധി നിശ്ചയിച്ച് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കമീഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് രാജിക്കത്തുനല്‍കിയിരുന്നു. കമീഷന്‍െറ കാലാവധി കഴിഞ്ഞതിനാല്‍ തുടര്‍നടപടികളില്‍നിന്ന് വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. കമീഷന്‍െറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരെയോ അനുവദിക്കാത്തതായിരുന്നു പ്രതിഷേധത്തിനു കാരണം. കത്ത് മുഖ്യമന്ത്രിയുടെ പരിഗണനക്ക് ആഭ്യന്തര സെക്രട്ടറി കൈമാറി. ഇതില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം പോലും നടത്താതെ പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 21ന് കമീഷന്‍െറ കാലാവധി അവസാനിച്ചിരുന്നു. ഇതിനുമുമ്പ്, കമീഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജസ്റ്റിസ് കൃഷ്ണന്‍നായര്‍ പലതവണ സര്‍ക്കാറിന് കത്തുനല്‍കി. എന്നാലിതെല്ലാം അവഗണിക്കപ്പെട്ടു.
കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ ശേഷിക്കുമ്പോഴും ഇക്കാര്യം സര്‍ക്കാറിനെ ധരിപ്പിച്ചു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വിഷയം പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സാധ്യമല്ളെന്നുകാട്ടി അദ്ദേഹം കത്തുനല്‍കിയത്. പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടുദുരന്തത്തിലേക്കു നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാന്‍ ഏപ്രില്‍ 10നു കൊല്ലത്തു ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം തീരുമാനിച്ചത്. പൊലീസിനും ജില്ല ഭരണ കൂടത്തിനുമുണ്ടായ വീഴ്ചകള്‍ ആയിരുന്നു പ്രധാന അന്വേഷണ വിഷയം. ഏപ്രില്‍ 21നു ഹൈകോടതി ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായരെ അന്വേഷണ കമീഷനായി നിയമിച്ചു. ഏപ്രില്‍ 10നാണ് 110 പേര്‍ മരിക്കുകയും 700 പേര്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.