സ്വതന്ത്ര എം.എൽ.എമാർ അകലുന്നത് മലപ്പുറത്ത് സി.പി.എമ്മിന് തിരിച്ചടിയാകും
text_fieldsമലപ്പുറം: പി.വി. അൻവർ എം.എൽ.എയും സി.പി.എമ്മും വഴിപിരിയുന്നത് സ്വതന്ത്ര എം.എൽ.എമാരിലൂടെ മലപ്പുറം ചുവപ്പിക്കാനുള്ള പാർട്ടിശ്രമങ്ങൾക്കുകൂടിയാണ് തിരിച്ചടിയാകുന്നത്. 1982ൽ കോൺഗ്രസ് വിട്ടുവന്ന ടി.കെ. ഹംസയിലൂടെ നേടിയ വിജയത്തിനുശേഷം, 2016ൽ പി.വി. അൻവറിലൂടെയാണ് നിലമ്പൂർ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിൽ ഇടത് സ്വാധീനം വർധിപ്പിച്ചത്. മഞ്ഞളാംകുഴി അലിയെ മങ്കട മണ്ഡലത്തിൽ ഇറക്കി നടത്തിയ പരീക്ഷണം വിജയിച്ചതും ഇടതിന് ആവേശം പകർന്നിരുന്നു.
2001ൽ മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദിനെ 3058 വോട്ടുകൾക്കാണ് അലി പരാജയപ്പെടുത്തിയത്. 2006ൽ മങ്കടയിൽ എം.കെ. മുനീറും അലിയോട് തോറ്റു. 2010ൽ സി.പി.എമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അലി നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗിൽ ചേർന്നു. 2011ൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായ അലി, സി.പി.എമ്മിലെ സിറ്റിങ് എം.എൽ.എ വി. ശശികുമാറിനെ തോൽപിച്ചു. വി.എസ്-പിണറായി വിഭാഗീയതയിൽ മഞ്ഞളാംകുഴി അലി വി.എസിനൊപ്പം നിന്നതാണ് പുറത്തുപോകലിലേക്ക് നയിച്ച പ്രശ്നങ്ങളുടെ തുടക്കം.
2006ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി. ജലീൽ നേടിയ അട്ടിമറിജയമാണ് ഇടതുകേന്ദ്രങ്ങളിൽ കൂടുതൽ ആവേശം സൃഷ്ടിച്ചത്. ജലീൽ പിന്നീട് തവനൂരിൽ മൂന്നു തവണ വിജയിച്ചു. യു.ഡി.എഫ് മണ്ഡലമായ താനൂർ ഇടതുപക്ഷം പിടിച്ചെടുത്തതും സ്വതന്ത്രനെ കളത്തിലിറക്കിയായിരുന്നു. 2016ലും 2021ലും മുൻ കോൺഗ്രസ് നേതാവായ വി. അബ്ദുറഹിമാനിലൂടെ താനൂരിൽ ചെങ്കൊടി പാറിപ്പറന്നു.
2016ലാണ് പി.വി. അൻവറിനെ ഇറക്കി സി.പി.എം നിലമ്പൂർ ചുവപ്പിച്ചത്. 2021ലും അൻവർ മണ്ഡലം നിലനിർത്തി. അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ അൻവറിന് പുറത്തേക്ക് വഴിതുറന്നിരിക്കുന്നത്. കെ.ടി. ജലീലും സി.പി.എമ്മുമായി അപസ്വരത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പല നിയമസഭ മണ്ഡലങ്ങളിലും സി.പി.എമ്മിന് വൻ വോട്ടുചോർച്ചയുണ്ടായിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുത്തൽ നടപടികൾ എടുക്കുന്നതിനിടയിലാണ് പി.വി. അൻവർ മുന്നണി വിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.