അൻവറിന്റെ പൊതുയോഗം ഇന്ന്; സ്റ്റേജില്ല, ജീപ്പിൽ മൈക്ക് കെട്ടി സംസാരിക്കും
text_fieldsനിലമ്പൂർ: പൊതുജനങ്ങളോടും സി.പി.എം പാർട്ടി അണികളോടുമുള്ള പി.വി. അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണം ഞായറാഴ്ച നിലമ്പൂരിൽ നടക്കും. വൈകീട്ട് ആറിന് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി. ഒരുവിധ പ്രചാരണവും പരിപാടിക്ക് നൽകിയിട്ടില്ല. പോസ്റ്ററുകളില്ല, സംഘാടകസമിതി ഇല്ല, സ്റ്റേജ് ഇല്ല. ജീപ്പിൽ മൈക്ക് കെട്ടിയാണ് പ്രസംഗിക്കുക. മൈക്ക് പെർമിഷൻ എടുത്തിട്ടുണ്ട്.
പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും തന്നെ കേൾക്കാൻ ആളുകളെത്തുമെന്നുമാണ് അൻവർ പറയുന്നത്. അടുപ്പക്കാരോടു മാത്രം യോഗ കാര്യം അറിയിച്ചിട്ടുണ്ട്. സാധാരണ ഇത്തരം പരിപാടികൾക്ക് മതിയായ പ്രചാരണം നടത്തണമെന്ന് കർക്കശ നിർദേശം നൽകുന്നയാളാണ് അൻവർ. . പ്രചാരണമൊന്നുമില്ലാതെ എത്രയാളുകൾ പങ്കെടുക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് മണ്ഡലത്തിലെ തന്റെ സ്വാധീനം തെളിയിക്കാനുള്ള തത്രപ്പാടൊന്നും എം.എൽ.എയുടെ ഭാഗത്തു നിന്നില്ല. തന്നെ കേൾക്കാൻ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും എത്തുമെന്നുതന്നെയാണ് എം.എൽ.എ ആവർത്തിക്കുന്നത്.
അൻവറിന്റെ പരിപാടിയിൽ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് അംഗങ്ങൾക്ക് സി.പി.എം കർശന നിർദേശം നൽകിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ജനം ഒഴുകിയെത്തിയാൽ അത് സി.പി.എമ്മിന് വലിയ തിരിച്ചടിയാവും.
സി.പി.എം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി നിരത്തുകളിൽ പ്രദർശിപ്പിച്ച പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രിയോടൊപ്പം അൻവർ നിൽക്കുന്ന പടങ്ങളുണ്ട്. അൻവറും മുഖ്യമന്ത്രിയും നിൽക്കുന്ന പോസ്റ്ററുകൾ ആക്ഷേപഹാസ്യ രൂപേണ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ബോർഡുകൾ മുഴുവനും വെള്ളിയാഴ്ച രാത്രിയോടെതന്നെ പാർട്ടിയുടെ നിർദേശപ്രകാരം അണികൾ നീക്കംചെയ്തു.
യോഗത്തിലേക്ക് എങ്ങനെയാണ് എം.എൽ.എ ആളുകളെ കൂട്ടുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ഉണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.