അപ്രതീക്ഷിത മൊഴിയെടുപ്പ്; വരുമോ, വിജിലൻസ്
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പി.വി. അൻവർ എം.എൽ.എയുടെ സാമ്പത്തിക ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഡി.ജി.പിയുടെ ശിപാർശ. അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നാണ് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് ശിപാർശ ചെയ്തത്. ശിപാർശ വിജിലൻസിന് കൈമാറും. അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാകും കേസ് അന്വേഷിക്കുക. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം ഉൾപ്പെടെ അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം.
അതിനിടെ, പി.വി. അൻവറിന്റെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകമടക്കം ആരോപണങ്ങളിൽ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് വ്യാഴാഴ്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ മൊഴിയെടുത്തു. എ.ഡി.ജി.പിക്ക് നോട്ടീസ് നൽകിയശേഷം ഓണത്തിനു ശേഷമായിരിക്കും മൊഴിയെടുക്കുകയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അപ്രതീക്ഷിത നടപടി.
യൂനിഫോമിൽ ഔദ്യോഗിക വാഹനത്തിലാണ് അജിത്കുമാർ പൊലീസ് ആസ്ഥാനത്തെത്തിയത്. കീഴുദ്യോഗസ്ഥർ മൊഴിയെടുപ്പിൽ ഉണ്ടാവരുതെന്ന് എ.ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ഡി.ജി.പി മാത്രമാണ് മൊഴിയെടുത്തതെന്നാണ് സൂചന. കഴിഞ്ഞദിവസം പി.വി. അൻവർ എം.എൽ.എയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോകാനാണ് ഡി.ജി.പിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.