കടലിൽ വീണവൻ രക്ഷപ്പെടാൻ എല്ലാ വഴിയും നോക്കില്ലേ, അതിനാണ് എ.ഡി.ജി.പി നാലുദിവസം അവധിയെടുത്തത് -പി.വി. അൻവർ
text_fieldsകോഴിക്കോട്: കടലിൽ വീണവൻ രക്ഷപ്പെടാൻ എല്ലാ വഴിയും നോക്കില്ലേ, ആ വഴിതേടിയാണ് നാലുദിവസം എ.ഡി.ജി.പി എം.ആര്. അജിത്കുമാർ അവധിയെടുത്തതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. കോഴിക്കോട് നഗരത്തില്‍നിന്ന് ഒരുകൊല്ലം മുമ്പ് കാണാതായ വ്യവസായി ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിന്റെ (മാമി -56) വെള്ളിമാട്കുന്നിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരോധാനത്തിന് പിന്നില്‍ എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന്റെ കറുത്ത കൈകളാണ്. തിരോധാനവുമായി ബന്ധപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും എ.ഡി.ജി.പിക്ക് പങ്കുണ്ട്. വിവാദത്തിനു പിന്നാലെ അജിത്കുമാർ അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അദ്ദേഹമൊരു നൊട്ടോറിയസ് ക്രിമിനലാണ്. കാലചക്രം തിരിക്കാൻ നോക്കുന്ന അയാൾക്ക് സുജിത് ദാസിന്റെ ഗതിവരും.
ഇപ്പോഴത്തെ ഉദ്യോഗസ്ഥന്മാർ സത്യസന്ധമായി അന്വേഷണം നടത്തിയാൽ അയാൾ ക്രിമിനലാണെന്ന് കേരളം കണ്ടിരിക്കും. സസ്പെൻഷനിലായ എസ്.പി സുജിത് ദാസും അജിത്കുമാറും ഒരച്ഛന്റെ രണ്ടു മക്കളാണ്. അജിത്കുമാർ ഏട്ടനാണ്. മാമിയെ നേരത്തേ അറിയില്ല. കച്ചവട ബന്ധമുള്ളയാൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അന്വേഷിച്ചാൽ സൂചന കിട്ടും. മാമി കൊല്ലപ്പെട്ടിട്ടുണ്ടോയെന്നു സംശയിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ 11ഓടെ എത്തിയ എം.എൽ.എ രണ്ട് മണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചെലവിട്ടു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മാമി തിരോധാനത്തിന് പിന്നില്‍ എ.ഡി.ജി.പിയാണെന്നതിന് തെളിവുകളുണ്ട്. അവ ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. സി.ബി.ഐ വരണമെന്ന ആവശ്യത്തിൽനിന്ന് തൽക്കാലം പിന്മാറാൻ കുടുംബത്തോട് പറഞ്ഞിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിക്കണമെന്ന് അന്‍വര്‍ പറഞ്ഞെന്ന് മാമിയുടെ സഹോദരി റംല പ്രതികരിച്ചു. രണ്ട് മാസം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും വിവരമൊന്നുമില്ലെങ്കിൽ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യമുന്നയിക്കാമെന്ന് അന്‍വര്‍ പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.