Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പക്കാ ആർ.എസ്.എസ്,...

‘പക്കാ ആർ.എസ്.എസ്, ഒന്നാന്തരം വർഗീയവാദി’ -സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ

text_fields
bookmark_border
‘പക്കാ ആർ.എസ്.എസ്, ഒന്നാന്തരം വർഗീയവാദി’ -സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ
cancel

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്‍ലിമായതിനാലാണ് അ​ദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് ഇസ്‍ലാമെന്നാൽ ഭീകരതയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷത്തോടും കടുത്ത വിരോധമുള്ളയാളാണ് മോഹൻദാസ്. ഇപ്പോൾ സി.പി.എം നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർ തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു.

സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തും. നിലമ്പൂരിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസായിരുന്നു.

ആറുമാസം മുമ്പ് ഇ എൻ മോഹൻ ദാസിനെ ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. ഇ എൻ മോഹൻ ദാസ് രാവും പകലും ആർ.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്നു പറഞ്ഞ് ഇ.എൻ. മോഹൻദാസ് പല തവണ തടഞ്ഞതായും അൻവർ ആരോപിച്ചു.

മലയോരത്തെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയം

നിലമ്പൂർ: നിലമ്പൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് പി.വി. അൻവർ എം.എൽ.എ. ഇ.എസ്.എ വിഷയത്തിൽ മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ ഉൾപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിക്കുന്നില്ല. ക്രൈസ്തവ മേലധ്യക്ഷന്മാരെ കണ്ട് ഈ വിഷയം ചർച്ചചെയ്തശേഷം കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഈ പഞ്ചായത്തുകളിലൂടെ പ്രചാരണ പരിപാടി സംഘടിപ്പിക്കും.

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് മേഖലയിൽ ഏറെ സംഭാവന നൽകിയവരാണ് ക്രൈസ്തവ സമൂഹം. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ എന്ന ചാവറയച്ചന്‍റെ ശ്രമഫലമായാണ് യാത്രാസൗകര്യംപോലും ഇല്ലാത്ത മേഖലകളിലുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത്. ഇവിടങ്ങളിൽ പഠിക്കുന്ന ക്രൈസ്തവരുടെ മക്കൾ 15 ശതമാനത്തിൽ താഴെയാണ്. ബാക്കി 85 ശതമാനം സീറ്റുകളിലും മറ്റു സമുദായങ്ങളിലെ കുട്ടികളാണ്. അതിനാലാണ് ക്രൈസ്തവ സമുദായത്തിന്‍റെ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എം.എൽ.എ ഫണ്ട് നൽകിയത്. ഇതാണ് ന്യൂനപക്ഷവിരുദ്ധനായ സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് തന്നെ ശത്രുപക്ഷത്ത് നിർത്താൻ കാരണം. ഇത് സി.പി.എം നയമല്ല എന്നാണ് അദ്ദേഹം പറയുന്നത്.

മലയോര കർഷകർ വന്യമൃഗശല്യം കാരണം പ്രയാസപ്പെടുകയാണ്. ആവശ്യത്തിന് ഫണ്ട് സർക്കാർ അനുവദിക്കുന്നില്ല. തെക്കൻ കേരളത്തിൽനിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കർഷക കുടുംബങ്ങൾ താമസിക്കുന്ന നിലമ്പൂർ താലൂക്കിലെ 10 വില്ലേജുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പരിസ്ഥിതിലോല മേഖലയിലാണ്. ഇത്തരം പ്രശ്നങ്ങളിൽ താൻ ഇടപെടുന്നതാണ് മോഹൻദാസ് ശത്രുപക്ഷത്ത് നിർത്താൻ കാരണം. മതേതരത്വത്തിന്‍റെ മുഖമാണ് മലപ്പുറത്തിന്റേത്. അത് നിലനിർത്താൻ പോരാട്ടം തുടരുമെന്നും അൻവർ ഒതായിയിൽവെച്ച് മാധ‍്യമങ്ങളോട് പറഞ്ഞു

നിഗൂഢമായ ലക്ഷ്യങ്ങളും രഹസ്യ അജൻഡകളുമുള്ള പി.വി. അൻവർ അത് നടപ്പാക്കാൻ വേണ്ടിയുള്ള സമ്മർദമാണ് നടത്തുന്നതെന്ന് ഇ.എൻ. മോഹൻദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സാമൂഹികവിരുദ്ധരുടെയും മാഫിയകളുടെയും പ്രതിനിധിയാണദ്ദേഹം. ഇനി ആയിരക്കണക്കിന് നാവുകൾ അൻവറിനെതിരേ ഉയരും. കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി അൻവർ മാറും. അൻവറിനെ ഇടതുപക്ഷക്കാരനാണെന്ന് പറയാൻ പറ്റി​ല്ല. പാർട്ടിക്കും സർക്കാരിനും എതിരായി പ്രവർത്തിക്കുന്ന എല്ലാവരുടെയും കോടാലിക്കൈയായി മാറി -മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു.

അൻവറിന്റെ പരാതി ജില്ലയിലെ പാർട്ടി നേതൃത്വം കേട്ടിട്ടുണ്ട്. അക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. പാർട്ടി തകർക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ആഗ്രഹം നടപ്പാകാൻ പോകുന്നില്ല. ഇതിനേക്കാൾ വലിയ ആളുകൾ പാർട്ടിയെ വെല്ലുവിളിച്ചിട്ടുണ്ട്. അവർക്ക് കഴിയാത്തത് അൻവറിന് കഴിയില്ല. സ്വതന്ത്രനായതുകൊണ്ട് പാർട്ടി അത്യാവശ്യം സ്വാതന്ത്ര്യം അദ്ദേഹത്തിന് കൊടുത്തതാണ്. അവസാനം മുറത്തിൽക്കയറി കൊത്തിയാൽ മിണ്ടാരിക്കാൻ പറ്റില്ലല്ലോ.

വായിൽ തോന്നിയത് പറയുന്നതിനെല്ലാം പ്രതികരിക്കാൻ കഴിയില്ല. സമനില തെറ്റി എന്തൊക്കെയോ പറയുകയാണ്. ആരാണ് അൻവർ എന്ന് ഞങ്ങൾ പറയാൻ തുടങ്ങിയാൽ അദ്ദേഹം വായ അടയ്ക്കും. കൊലക്കുറ്റമടക്കം എത്ര ക്രിമിനൽ കേസുകളുണ്ട് അദ്ദേഹത്തിന്റെ പേരിൽ.

അൻവറിന് കിട്ടിയ ബഹുഭൂരിപക്ഷം വോട്ടുകളും സഖാവ് കുഞ്ഞാലി കെട്ടിപ്പടുത്ത പാർട്ടിയുടെതാണ്. അൻവറിന്റെ തെറ്റായ നീക്കങ്ങളെ അപ്പപ്പോൾ പാർട്ടി മനസ്സിലാക്കി സംസാരിച്ചിട്ടുണ്ട്. തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇനി പത്രസമ്മേളനം വിളിക്കില്ലെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു. ആ ഉറപ്പൊന്നും പാലിച്ചില്ല. ഇത്രയും വിശ്വസിക്കാൻ കൊള്ളാത്ത ആളായി അൻവർ മാറിയെന്നും മോഹൻദാസ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:en mohandasCPMPV Anvar
News Summary - PV Anvar against CPM Malappuram district secretary EN mohandas
Next Story