Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആ വിഡിയോ കണ്ടപ്പോൾ...

‘ആ വിഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി...’ -പി.വി. അൻവർ

text_fields
bookmark_border
‘ആ വിഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി...’ -പി.വി. അൻവർ
cancel

കാസര്‍കോട്: കാസർകോട് ഓട്ടോ ഡ്രൈവറെ എസ്.ഐ മർദിക്കുന്ന വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നിയതായി പി.വി. അൻവർ എം.എൽ.എ. കാസർകോട് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷം, മർദനമേറ്റ ഓട്ടോഡ്രൈവർക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

‘ഒരു ​ഓട്ടോ റിക്ഷ തൊഴിലാളിയെ എസ്.ഐ പിടിച്ചു വലിച്ച് മർദിക്കുകയാണ്. എനിക്ക് ആ വിഡിയോ കണ്ട​പ്പോൾ സങ്കടം തോന്നി. കുറേ തൊഴിലാളികൾ ഓട്ടോ നിർത്തി അവിടെ നിൽക്കുന്നുണ്ട്. കുറേ ആളുകൾ ബൈക്കിൽ വന്ന് സിനിമ കാണുന്നത് പോലെ കാണുന്നുമുണ്ട്. കുറേപേർ നോക്കി നിൽക്കുന്നുമുണ്ട്. ഇത് കേരളമാണോ? ‘‘നിങ്ങൾ മാന്യമായി പെരുമാറൂ, താങ്കളെന്താണ് ഈ ചെയ്യുന്നത്’’ എന്ന് ആ എസ്.ഐയോട് ചോദിക്കാനുള്ള ശേഷി കാസർകോട്ടെ ജനങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തൊഴിലാളികൾക്ക് പേടിയാണ്. പിറ്റേന്ന് അങ്ങാടിയിൽ ഓടണം. വല്ല കേസിലും ​പെട്ടാൽ കുട്ടികൾ പട്ടിണികിടക്കു​ന്നത് പേടിച്ചും വീട്ടിലെ കഷ്ടപ്പാടും ദുരിതവും ഓർത്തും തൊഴിലാളികൾ മിണ്ടാതിരിക്കുകയാണ്. എന്നാൽ, ചുറ്റിലും ആളുകൾ നിൽക്കുന്നുണ്ട്. ആ വിഡിയോ മാത്രം കണ്ടാൽ മതി. താനെന്താടോ ഈ ചെയ്യുന്നത് എന്ന് പൊലീസുകാരനോട് ചോദിക്കാൻ ആണായി പിറന്ന ഒരുത്തൻ ഈ കാസർകോട് ഇല്ലാതായി. ഇത്ര ഉളുപ്പില്ലാത്തവരായി കാസർകോട്ടുകാർ മാറി’ -അൻവർ പറഞ്ഞു.

കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ അയക്കുന്നത്. കാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാർ. കേരളം ഒരാഴ്ചയിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനുഷിക വിഷയമാണ്‌ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ. സര്‍ക്കാരിലെ ഒരുദ്യോഗസ്ഥന്റെ വഴിവിട്ട ധാര്‍ഷ്ട്യവും അഹങ്കാരവും അക്രമമനോഭാവവുമാണ് ഒരു കുടുംബം അനാഥമാക്കിയത്. അതുകൊണ്ട് സത്താറിന് സര്‍ക്കാര്‍ വീടുവെച്ചുകൊടുക്കണം.

രാവിലെ മുതൽ മുഴുവന്‍ വെയിലും കൊള്ളുന്നവരാണ് ഓട്ടോ തൊഴിലാളികള്‍. ഓട്ടോ തൊഴിലാളികള്‍ക്ക് പാര്‍ക്കിങ് സ്ഥലത്തും മറ്റും വെയിലുകൊള്ളാതിരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ത്രിതല പഞ്ചായത്ത് വഴി നടപ്പിലാക്കണം. കേരള പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോക്കാരും ബൈക്ക് യാത്രക്കാരും. സര്‍ക്കാര്‍ മുന്നില്‍വെയ്ക്കുന്ന ടാര്‍ജെറ്റ് പൂര്‍ത്തീകരിക്കാന്‍ റോഡിലിറങ്ങി ഇവര്‍ക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണ് പൊലീസ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ ഗതിയില്ല.

പൊലീസിനെ ഭയന്നാണ് ഓട്ടോക്കാർ കഴിയുന്നത്. രാവിലെ മുതല്‍ ഓടിക്കിട്ടുന്നത് നാനൂറോ അഞ്ഞൂറോ രൂപയാണ്. ഇതുകൊണ്ട് കുടുംബം പോറ്റുന്നവരാണിവര്‍. അത് പൊലീസ് പിഴിഞ്ഞെടുക്കുന്നു. ഓട്ടോ നടുറോഡിലിട്ട് താക്കോല്‍ ഊരിപ്പോവുകയാണ് പൊലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോക്കാവുന്നു. താക്കോല്‍ കൊണ്ടുപോയാല്‍ ഞാന്‍ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് ആത്മഹത്യ ചെയ്ത ഡ്രൈവര്‍ അവസാന വിഡിയോയില്‍ ചോദിക്കുന്നത്. നാലുദിവസം വണ്ടി പൊലീസ് സ്‌റ്റേഷനില്‍ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസര്‍കോട്ടുകാര്‍ പ്രതികരിച്ചില്ല? യൂണിയന്‍ നേതാക്കളൊക്കെ എവിടെയായിരുന്നു? -അന്‍വര്‍ ചോദിച്ചു.

പിടികൂടിയവര്‍ക്ക് മുന്നില്‍വെച്ച് കാല്‍ ബോണറ്റിന് മുകളില്‍ കയറ്റിവയ്ക്കണമെന്നാണ് പൊലീസിന്റെ ആഗ്രഹം. പക്ഷേ, അങ്ങോട്ട് എത്താത്തതുകൊണ്ടാണ് ബമ്പറില്‍ വെയ്ക്കുന്നത്. ഓട്ടോറിക്ഷക്കാര്‍ ഒരുദിവസം പണിമുടക്കിയാല്‍ കേരളത്തിന്റെ അവസ്ഥയെന്താണ്? സംസ്ഥാനത്തെ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കുമാണ്. ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ രണ്ട് ജില്ലക്കാര്‍. പൊലീസിനെതിരേ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍വര്‍ ചോദിച്ചു.

കാസർകോട് കഴിഞ്ഞ എട്ടുവർഷത്തിനിടെ എത്ര കൊലപാതകങ്ങളാണ് നടന്നത്? റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് എന്തായി? വലിയ ഒരു മത പണ്ഡിതനെ കാണാതായി കടലിൽനിന്നാണ് മൃതദേഹം കിട്ടിയത്. ആ കേസിന്റെ അവസ്ഥയെന്താണ്? കാസര്‍കോടിന് മെഡിക്കല്‍ കോളജ് കിട്ടിയോ? കോവിഡ് കാലത്ത് ടാറ്റ 68 കോടി രൂപ മുടക്കി 90 ദിവസംകൊണ്ട് കാസര്‍കോട്ട് ഒരാശുപത്രി പണിതുതന്നു. ആശുപത്രിയായി നിര്‍മിച്ച് സര്‍ക്കാരിനെ ഏല്‍പ്പിച്ച അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? കാക്കയും പൂച്ചയും പട്ടിയും കയറി നിരങ്ങുന്നു. നാട്ടുകാരെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ 10 രൂപ വീതം പിരിവെടുത്ത് നടത്തുമായിരുന്നു. കാസര്‍കോട്ടുകാര്‍ പ്രതികരിച്ചിട്ടില്ല. നിങ്ങൾക്ക് മന്തി തിന്നാന്‍ മാത്രമേ നേരമുള്ളൂ. പത്രം വായിക്കില്ല. എ.സി റൂമിൽനിന്നും പുറത്തിറങ്ങില്ല. അങ്ങനെ ഷണ്ഡീകരിച്ചിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും -അന്‍വര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driver deathkerala policePV Anvar
News Summary - pv anvar against police attack
Next Story