‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ -സുജിത് ദാസിന്റെ സസ്പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ
text_fieldsനിലമ്പൂർ: തന്റെ വെളിപ്പെടുത്തലിൽ പരാമർശിക്കപ്പെട്ട പത്തനംതിട്ട ജില്ല പൊലീസ് മുൻ മേധാവി എസ്. സുജിത് ദാസിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത് ആഘോഷമാക്കി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ.
‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്ന അടിക്കുറിപ്പോടെ ക്രിക്കറ്റ് സ്റ്റമ്പ് തെറിക്കുന്ന ചിത്രമാണ് അൻ വർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മുൻ മലപ്പുറം എസ്.പി കൂടിയായ സുജിത് ദാസിനും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും ഇപ്പോഴത്തെ മലപ്പുറം എസ്.പി ശശിധരനും എതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ കഴിഞ്ഞ ദിവസങ്ങളിലായി ഉന്നയിച്ചത്. സുജിത് ദാസ് തന്നെ വിളിച്ചതിന്റെ കോൾ റെക്കോഡും എം.എൽ.എ പുറത്തുവിട്ടിരുന്നു. ഇതോടെ സുജിത് ദാസിനെ തിങ്കളാഴ്ച എസ്.പി സ്ഥാനത്തുനിന്ന് നീക്കി. എന്നാൽ, കടുത്ത നടപടിയൊന്നും സ്വീകരിക്കാത്തത് വിവാദമായി. ഇതിനുപിന്നാലെയാണ് ചട്ടം ലംഘിച്ച് എം.എൽ.എയെ ഫോൺ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതിന് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്.
സുജിത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സുജിത് ദാസിനെതിരെ നടപടിയെടുത്താൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെയും നടപടിയെടുക്കേണ്ടി വരുമെന്ന കാരണത്താൽ എസ്.പിയെ സ്ഥാനത്തുനിന്ന് മാത്രം നീക്കുകയായിരുന്നു. എ.ഡി.ജി.പിയെ തൽസ്ഥാനത്ത് നിലനിർത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നാലാം ദിവസമാണ് എസ്.പിയെ മാത്രം സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടത്തി എ.ഐ.ജി അജിത ബീഗം റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യനടപടി. മരംമുറി കേസിൽ സുജിത് ദാസിനെതിരെ തൃശൂർ ഡി.ഐ.ജി തോംസൺ ജോസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ, തന്റെ വെളിപ്പെടുത്തൽ സി.പി.എമ്മിനെ ദുർബലമാക്കാനും മുഖ്യമന്ത്രിയെ ക്ഷീണിപ്പിക്കാനുമാണ് എന്ന തരത്തിൽ പ്രതിപക്ഷവും ചില ഇടതുവിരുദ്ധ ശക്തികളും ആഘോഷിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നതിന് തുല്ല്യമാണെന്ന് അൻവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘‘എ.ഡി.ജി.പി അജിത്കുമാറും മലപ്പുറം മുൻ എസ്.പി സുജിത്ദാസും ഇപ്പോഴത്തെ മലപ്പുറം എസ്.പി ശശിധരനും, എൽ.ഡി.എഫ് സർക്കാരിനെ ജനമദ്ധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനും മുഖ്യമന്ത്രിയുടെ സൽപ്പേര് ഇടിച്ചു താഴ്ത്താനുമാണ് ശ്രമിച്ചത്. അക്കാര്യങ്ങളാണ് തെളിവുകൾ സഹിതം ഞാൻ ചൂണ്ടിക്കാണിച്ചത്. ഉന്നത പോലീസ് മേധാവികളിൽ പലരും സ്വന്തം നേട്ടത്തിനും സാമ്പത്തിക ലാഭത്തിനും സർക്കാരുകളെയും ഭരണകർത്താക്കളെയും തെറ്റിദ്ധരിപ്പിക്കുകയും ഒറ്റുകയും ചെയ്യുന്ന പ്രവണത കാലങ്ങളായി നിലനിൽക്കുന്നതാണ്. യു.ഡി.എഫ് കാലത്ത് ഇത്തരം ദുഷ്കൃത്യങ്ങൾക്ക് കയ്യുംകണക്കുമുണ്ടായിരുന്നില്ല. അത്തരം ദുഷ്പ്രവണത പിണറായി വിജയൻ്റെ കാലത്ത് അവസാനിപ്പിക്കണം എന്ന സദുദ്ദേശത്തോടെയാണ് മൂന്ന് പോലീസ് ഓഫീസർമാരെ കുറിച്ച് തെളിവുകൾ നിരത്തി ഞാൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇക്കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ശരിയായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തു. അത് കഴിഞ്ഞ് പാർട്ടി സെക്രട്ടറി ഗോവിന്ദൻമാസ്റ്ററെ കണ്ട് വസ്തുതകൾ ധരിപ്പിച്ചു. അദ്ദേഹവും മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് സമ്മതിച്ചു.
പൊലീസിലെ ഉന്നതരുടെ കൊള്ളരുതായ്മകൾ എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയക്കാരനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി. പൊലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ കുറ്റം ചെയ്യുന്ന പൊലീസുകാർക്കെതിരെ, ശബ്ദമുയർത്തി നൽകിയ ശക്തമായ മുന്നറിയിപ്പ് കേട്ടവരെ മുഴുവൻ ആവേശം കൊള്ളിച്ചത് മറക്കാനാവില്ല. പൊലീസിന് കളങ്കമുണ്ടാക്കിയ 125 പൊലീസുകാരെ ചരിത്രത്തിൽ ആദ്യമായി സർവീസിൽ നിന്ന് പിരിച്ചു വിട്ട കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പൊലീസ് സേനയിലെ മുടിചൂടാമന്നൻമാർക്കെതിരെ പരസ്യമായി രംഗത്തുവരാൻ എനിക്ക് ആത്മവിശ്വാസം നൽകിയത് അദ്ദേഹത്തിൻ്റെ വിട്ടുവീഴ്ചയില്ലാത്ത ഇത്തരം സമീപനങ്ങളാണ്.
അവിഹിതമായി സമ്പാദിക്കുന്നവർ സാധാരണ പറയാറുള്ള ന്യായമാണ് ഭാര്യവീട്ടിൽ നിന്ന് സമ്മാനമായി കിട്ടിയതാണ്, വീടും സ്ഥലവും കാറുമെല്ലാമെന്നാണ്. എ.ഡി.ജി.പി അജിത്കുമാറും അതേ ന്യായമാണ് നിരത്തുന്നത്. ചെയ്ത തെറ്റുകൾ മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനും സുജിത് ദാസും അജിത്കുമാറും അരയും തലയും മുറുക്കി രംഗത്തുണ്ട്. മലപ്പുറം എസ്.പി ഓഫീസിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ ത് തേച്ച്മായ്ച്ചു കളയാൻ അയൽവാസിയായ സ്ത്രീയിൽ നിന്ന് കള്ള പ്രസ്താവന എഴുതിവാങ്ങിയത് തന്നെ ഇതിൻ്റെ തെളിവാണ്. കരീം എസ്.പി ആയിരിക്കെയാണ് മരം മുറിച്ചത് എന്നു പറയാൻ അവരോട് പറയാൻ ക്യാമ്പ് ഓഫീസിലെ പോലീസുകാർ പറഞ്ഞതായി ആ സ്ത്രീ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. സുജിത്ദാസ് എസ്.പിയായിരിക്കെ കരിപ്പൂർ എയർപോർട്ടിൻ്റെ പുറത്ത് വെച്ച് പിടികൂടിയ സ്വർണ്ണത്തിൻ്റെ വാഹകരെ വിളിച്ച് അന്വേഷിച്ചാൽ സത്യം പുറത്ത് വരും.
ഐ.പി.എസ് ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെയും "മൊണോലിസ" കളിക്കുന്നവരെയും പുറത്തുകൊണ്ടു വരാനുള്ള എളിയ ശ്രമം മാത്രമാണ് ഞാൻ നടത്തിയത്. ഞാനെൻ്റെ പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിനെതിരാണ് എൻ്റെ പോരാട്ടം എന്ന രീതിയിൽ നടത്തപ്പെടുന്ന പ്രചരണങ്ങൾ സി.പി.എമ്മിനെ ക്ഷീണിപ്പിക്കാൻ ലാക്കാക്കിയാണ്. മരണം വരെ ചെങ്കൊടിത്തണലിൽ ഞാനുണ്ടാകും. സി.പി.ഐ എമ്മിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും എന്നെ അകറ്റാമെന്ന് ആരും കിനാവ് കാണേണ്ട. അതിനായി വെച്ച വെള്ളം ബന്ധപ്പെട്ടവർ ഇറക്കി വെക്കുന്നതാണ് നല്ലത്.’’ -അൻവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.