Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് പ്രവേശന...

യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ അൻവർ പാണക്കാട്ടെത്തി; മുന്നണിയെ ശക്തിപ്പെടുത്തുമെന്ന് സാദിഖലി തങ്ങൾ

text_fields
bookmark_border
യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ അൻവർ പാണക്കാട്ടെത്തി; മുന്നണിയെ ശക്തിപ്പെടുത്തുമെന്ന് സാദിഖലി തങ്ങൾ
cancel

മലപ്പുറം: യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ പി.വി. അൻവർ എം.എൽ.എ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അൻവർ പാണക്കാട്ടെത്തിയത്. 12 മിനിറ്റോളം സാദിഖലി തങ്ങളുമായി അൻവർ ചർച്ച നടത്തി. അൻവറിന്‍റേത് സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച താൻ എല്ലാവരേയും കാണുന്ന ദിവസമാണ്. താൻ ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അൻവർ വന്നത്. ജയിൽ മോചിതനായിട്ടാണ് വന്നത് എന്നു പറഞ്ഞു. മറ്റൊരു ചർച്ചയും ഉണ്ടായിട്ടില്ല. അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച വിഷയം മുന്നണി വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും അക്കാര്യങ്ങളൊക്കെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സാദിഖലി തങ്ങൾ പ്രതികരിച്ചു.

അൻവർ ഉയർത്തിപിടിക്കുന്ന വിഷയങ്ങളിൽ യു.ഡി.എഫിന് എതിർപ്പൊന്നുമില്ല. വനനിയമ ഭേദഗതി നടപ്പാക്കുമ്പോൾ സാധാരണക്കാരുടെ ജീവിതത്തെ അത് ബാധിക്കുമെന്ന് തോന്നുന്നുണ്ട്. ആ നിലക്ക് സർക്കാർ അക്കാര്യം പുനരാലോചിക്കുകയും സങ്കീർണത പരിഹരിക്കുകയും വേണം. പത്തു വർഷമായി യു.ഡി.എഫ് അധികാരത്തിൽനിന്നു വിട്ടുനിൽക്കുകയാണ്. ഇനിയും ഇങ്ങനെ പോകാനാവില്ല. അൻവർ എന്ന വിഷയം മാത്രമല്ലല്ലോ, യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ ഒരുപാട് ഘടകങ്ങളുണ്ട്. അതെല്ലാം യു.ഡി.എഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്താനല്ല, മലയോര ജനതയുടെ കഷ്ടപ്പാട് ചര്‍ച്ച ചെയ്യാനാണ് പാണക്കാട് എത്തിയതെന്ന് അൻവർ പ്രതികരിച്ചു. യു.ഡി.എഫ് പ്രധാന ഘടകകക്ഷി എന്ന നിലക്ക് വനഭേദഗതി ബില്ലിനെ എതിര്‍ക്കാനുള്ള പിന്തുണ തേടിയാണ് എത്തിയത്. പിണറായി സര്‍ക്കാറിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിനെക്കുറിച്ചാണ് തങ്ങളുമായി ചര്‍ച്ച നടത്തിയത്. പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളേയും ഘടകകക്ഷികളേയും കാണും. ഇതേ കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, അൻവറിന്‍റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അൻവർ കൂടിക്കാഴ്ച നടത്തി. അതേസമയം, അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ പറഞ്ഞു. അന്‍വറിന്റെ കാര്യത്തില്‍ ഇതുവരെ യു.ഡി.എഫ് തീരുമാനമെടുത്തിട്ടില്ലെന്നും ഹസ്സന്‍ അറിയിച്ചു. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻവർ ജാമ്യം കിട്ടി തിങ്കളാഴ്ച വൈകീട്ടാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വന നിയമ ഭേദഗതിക്കെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ലെന്നും നിയമം പാസായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. റവന്യൂ വകുപ്പ് കൈമാറിയ ഭൂമികളില്‍ വനവത്കരണം നടത്തി. ജനങ്ങള്‍ പോയി വനത്തിൽ വീട് വെച്ചതല്ല, മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്.

കാര്‍ബണ്‍ ഫണ്ടില്‍ നിന്നു പത്ത് പൈസ പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല. 10,000 ഹെക്ടര്‍ കേരളത്തില്‍ വനം വര്‍ധിച്ചു. ഭൂമി ഇവിടെ പെറ്റുപെരുകുന്നുണ്ടോ? സെക്രട്ടേറിയറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകും. വനഭേദഗതി ബിൽ നിയമമായാൽ പുഴകളുടെ നിയന്ത്രണവും വനംവകുപ്പിന്‍റെ കൈകളിലാവും. കുടിവെള്ള പദ്ധതികളെ പോലും ഇത് ബാധിക്കും. ബില്‍ മറച്ചുവെച്ച് പാസാക്കാനാണ് നീക്കം നടത്തിയത്. റോഷി അഗസ്റ്റിന്‍ മലയോര കര്‍ഷകരുടെ രക്ഷകന്‍ അല്ലേ? എന്താണ് മിണ്ടാതിരിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ പ്രകൃതി സ്‌നേഹികളല്ലേ? വനം വകുപ്പ് മന്ത്രിയെ മാറ്റാത്തതിലും അന്‍വര്‍ വിമര്‍ശിച്ചു.

എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രി ആക്കിയാല്‍ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ്. മന്ത്രിയെ മാറ്റാത്തത്. ക്രൈസ്തവ സമൂഹമാണ് ബില്ല് കൊണ്ട് ഏറ്റവും ദോഷം അനുഭവിക്കുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പ് അതിഥി മന്ദിരങ്ങൾ തെമ്മാടിത്ത കേന്ദ്രങ്ങളാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വണ്ടികള്‍ എന്തിനാണ്? യു.ഡി.എഫ് നേതൃത്വം ഈ വിഷയം ഏറ്റെടുക്കണം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരണം. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.

കേരളത്തില്‍നിന്നുതന്നെ ഇതിന് തുടക്കം കുറിക്കണം. അതിന് വേണ്ടി 2026ല്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നും അന്‍വര്‍ പറഞ്ഞു. വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടി മുഴുവന്‍ യു.ഡി.എഫ് നേതാക്കളെയും കാണും. മുന്നണി പ്രവേശനം ഒന്നുമല്ല ഇപ്പോഴത്തെ വിഷയം. കേരളത്തില്‍ നൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്. മലയോര മേഖലയിലെ സഭകളുണ്ട്. അവരെയൊക്കെ യു.ഡി.എഫ് ഒരുമിച്ച് നിര്‍ത്തണം. ആദിവാസികള്‍ക്ക് നല്‍കുന്ന പത്തില്‍ ഒന്ന് പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ആദിവാസി ദലിത് മേഖലയില്‍ യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV AnvarSadiqali Shihab thangal
News Summary - PV Anvar at Panakkat
Next Story