‘ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേരല്ല കമ്യൂണിസം’; പിണറായി സർക്കാറിനെതിരെ പി.വി അൻവർ
text_fieldsമഞ്ചേരി: പിണറായി സർക്കാറിന്‍റെ പൊലീസ്, വാഹന വകുപ്പുകൾക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എം.എൽ.എ. ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേര് കമ്യൂണിസമല്ലെന്ന് അൻവർ പറഞ്ഞു. പച്ച മലയാളത്തിൽ പറഞ്ഞാൽ പിടിച്ചുപറിയാണ്. ഈ പിടിച്ചുപറി കേരളത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല പിടിച്ചുപറിക്ക് നേതൃത്വം നൽകേണ്ടതെന്നും പി.വി അൻവർ ചൂണ്ടിക്കാട്ടി.
പൊലീസും വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്വാട്ട തികയ്ക്കാൻ പണം പിടിച്ചു പറിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിന്‍റെ വഴിയോരങ്ങൾ മാറിക്കഴിഞ്ഞു. ഇരുചക്രവാഹന യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി അപഹസിക്കുന്നത് നിരവധി കണ്ടിട്ടുണ്ട്. ഇതിനെതിരായ പോരാട്ടം ഡി.എം.കെ വെല്ലുവിളിയായി ഏറ്റെടുക്കും. കേരളത്തിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ ആളുകളുടെയും സംഘടന ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രൂപീകരിക്കും.
ഗ്ലാസ് ഉയർത്തി ലോക്ക് ചെയ്ത് ശീതീകരിച്ച വലിയ വണ്ടിയിൽ സമ്പന്നർ പോകുമ്പോൾ ഉദ്യോഗസ്ഥർ കൈ കാണിക്കില്ല. സമ്പന്നർക്ക് പോകുവാൻ കേരളത്തിൽ ഒരു തടസവുമില്ല. ഉള്ളവനിൽ നിന്നും വാങ്ങുന്നതിന് പകരം ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേര് കമ്യൂണിസമല്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ പിടിച്ചുപറിയാണ്. ഈ പിടിച്ചുപറി കേരളത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല പിടിച്ചുപറിക്ക് നേതൃത്വം നൽകേണ്ടത്. പിടിച്ചുപറിക്ക് പരിശീലനം നൽകുന്നവരായി പൊലീസ് മാറുന്നുണ്ടെങ്കിൽ അതിന് നിയമപരമായി പ്രതിരോധം തീർക്കും.
ജനകീയ ജനാധിപത്യത്തിൽ സോഷ്യലിസ്റ്റ് ആശയത്തോട് കൂടിയുള്ള സോഷ്യൽ മൂവ്മെന്‍റ് ആണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. ഇത് രാഷ്ട്രീയ പാർട്ടിയല്ല. രാഷ്ട്രീയ പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. സാമൂഹിക മുന്നേറ്റത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടി ആവശ്യമായി വന്നാൽ അന്ന് അതേ കുറിച്ച് ആലോചിക്കാം. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകും. അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.
കള്ളക്കേസ് എടുത്ത് അൻവറിനെ ജയിലിലടക്കാനും ഇല്ലായ്മ ചെയ്യാനുമാണ് എതിരാളികളുടെ തീരുമാനമെങ്കിൽ അതിന് മുമ്പിൽ മുട്ടുമടക്കാൻ പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ പി.വി. അൻവർ തീരുമാനിച്ചിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പോരാട്ടം തുടരും. ഈ മണ്ണിൽ മരിച്ചുവീഴാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവം ഏറ്റെടുക്കുമെന്നും പി.വി അൻവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.