‘വി.എസിനേക്കാൾ വലുതല്ലല്ലോ ടി.കെ ഹംസ’; പഴയ വിഡിയോ കുത്തിപ്പൊക്കി പി.വി. അൻവർ
text_fieldsകോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ടി.കെ ഹംസക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എം.എൽ.എ. ടി.കെ ഹംസയുടെ തൊലി വി.എസ് അച്യുതാനന്ദൻ പൊളിച്ച് വിട്ടിട്ടുണ്ടെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ഹംസക്ക് കൈയ്യടിച്ച സഖാക്കൾ വി.എസിനും കൈയ്യടിക്കണം. 88 വയസുള്ള സൈഡായ വണ്ടിക്ക് പോലും അൻവറിനെതിരെ ഉരിയാടുമ്പോൾ ഡിമാന്‍റുള്ള കാലമാണെന്നും ഇത് ഗതികേടല്ലാതെ മറ്റെന്താണെന്നും അൻവർ ചോദിച്ചു. കോൺഗ്രസിൽ നിന്നും സി.പി.എമ്മിലെത്തിയ ടി.കെ. ഹംസയുടെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ചുള്ള വി.എസിന്‍റെ പ്രതികരണത്തിന്‍റെ വിഡിയോയും എഫ്.ബി പോസ്റ്റിനൊപ്പം അൻവർ പങ്കുവെച്ചിട്ടുണ്ട്.
പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
'ഹംസാക്കക്ക് കൈയ്യടിച്ച സഖാക്കൾ സഖാവ് വി.എസിനും കൈയ്യടിക്കണം. വി.എസിനേക്കാൾ വലുതല്ലല്ലോ ഒരു ഹംസ, ഹംസാക്കയുടെ തൊലി സഖാവ് വി.എസ് നേരത്തെ പൊളിച്ച് വിട്ടിട്ടുണ്ട്. ഞാനായിട്ടൊന്നും കൂടുതൽ പറയുന്നില്ല. എൺപത്തിയെട്ട് വയസുള്ള സൈഡായ വണ്ടിക്ക് പോലും അൻവറിനെതിരെ ഉരിയാടുമ്പോൾ ഡിമാന്റുള്ള കാലമാണിപ്പോൾ, ഇത് ഗതികേടല്ലാതെ മറ്റെന്ത്'.
ഇടത് ബന്ധം അവസാനിപ്പിച്ച പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവായ ടി.കെ. ഹംസ രംഗത്തെത്തിയിരുന്നു. അൻവറിന്‍റെ കുടുംബസ്വത്തല്ല എം.എൽ.എ സ്ഥാനമെന്നും സാമാന്യ മര്യാദയുണ്ടെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ഹംസ ആവശ്യപ്പെട്ടിരുന്നു.
അൻവറിനെ കൊണ്ട് പാർട്ടിക്ക് ഒരു നേട്ടവും കിട്ടിയിട്ടില്ല, എന്നാൽ, അൻവറിന് നേട്ടമുണ്ടായി. അൻവർ കാണിച്ചത് നന്ദിക്കേടും വിവരക്കേടുമാണ്. അൻവറിനെ കാണുമ്പോൾ വിറച്ചു തീരുന്ന പാർട്ടിയോ മുഖ്യമന്ത്രിയോ അല്ല ഇത്. ഭരണപക്ഷത്തെ 98 എം.എൽ.എമാർക്ക് പരാതിയില്ല.
സ്വർണക്കള്ളക്കടത്തിൽ അൻവറിന് എന്താണ് കാര്യം? സ്വർണം നഷ്ടപ്പെട്ട വിരോധം തീർക്കുകയാണ്. ഇയാൾ സമാന്തര പൊലീസാണോ? കരിപ്പൂരിൽ ഡി.ജി.പി എങ്ങനെയാണ് സ്വർണം പിടിക്കുക. കാരിയർമാരും അൻവറും തമ്മിലുള്ള ബന്ധം അന്വേഷിക്കണം.
റിയൽ എസ്റ്റേറ്റ് കള്ളക്കടത്തിന് പി. ശശി കൂട്ടുനിന്നില്ല. അതാണ് വിരോധ കാരണം. അൻവറിനെ എം.എൽ.എ ആക്കിയതാണ് പാർട്ടി ചെയ്ത തെറ്റ്. ഞാനും കോൺഗ്രസിൽ നിന്ന് വന്നതാണെന്നും ടി.കെ ഹംസ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.