‘പിണറായിസത്തിന് എതിരെയാണ് ഇത്തവണത്തെ വോട്ട്; സഖാക്കൾ ഡി.എം.കെയെ പിന്തുണക്കും’
text_fieldsചേലക്കര: പിണറായിസത്തിന് എതിരെയാണ് ഇത്തവണത്തെ വോട്ടെന്ന് എത്രയോ സഖാക്കൾ കൈപിടിച്ച് പറഞ്ഞിട്ടുണ്ടെന്ന് പി.വി അൻവർ എം.എൽ.എ. രാഷ്ട്രീയ മാറ്റത്തിനായുള്ള പോരാട്ടമാണിത്. അനീതി അംഗീകരിക്കാനാവില്ല. പിണറായിസം ഇവിടെ പറ്റില്ല. വർഗീയതക്കൊപ്പം നിൽക്കുന്നവരിൽനിന്ന് മാറി നടക്കുകയാണ് തങ്ങളെന്നും അൻവർ വ്യക്തമാക്കി.
“യു.ആർ. പ്രദീപ് നല്ല സ്ഥാനാർഥിയാണ്. പക്ഷേ പിണറായിസത്തിന് എതിരെയാ ഈ വോട്ടെന്ന് സഖാക്കൾ പറയുന്നു. കൂടെയുണ്ടെന്ന് കൈപിടിച്ച് എത്രയോ സഖാക്കൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒന്നുമില്ലാതെ ജനങ്ങളിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ടാണ് ഞങ്ങളീ മണ്ഡലത്തിൽ വന്നത്. പിന്തുണ ഓരോ ദിവസവും വർധിക്കുന്നു. ഒരു രാഷ്ട്രീയ മാറ്റത്തിനായുള്ള പോരാട്ടമാണിത്. അനീതി അംഗീകരിക്കാനാവില്ല. പിണറായിസം ഇവിടെ പറ്റില്ല. വർഗീയതക്കൊപ്പം നിൽക്കുന്നവരിൽനിന്ന് മാറി നടക്കുകയാണ് ഞങ്ങൾ” -അൻവർ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഡി.എം.കെയുടെ സ്വതന്ത്ര സ്ഥാനാർഥിയായ സുധീറിനേക്കാൾ എന്ത് യോഗ്യതയാണുള്ളതെന്നും അൻവർ ചോദിച്ചു. പത്താം ക്ലാസാണ് അവരുടെ വിദ്യാഭ്യാസ യോഗ്യത. ആ കമ്യൂണിറ്റി ഡെവലപ് ചെയ്യാന്‍ അവര് മതിയോ? ഉയർന്ന യോഗ്യതയും ഇടപെടൽ ശേഷിയുമുള്ള സുധീറിനെ കോൺഗ്രസ് തള്ളിയത് ശരിയാണോ? എ.ഐ.സി.സി അംഗം കൂടിയാണ്അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ മുഴുവൻ സുധീറിനൊപ്പമാണ്.
തന്നെ കോടാലിയെന്ന് വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അൻവർ പരിഹസിച്ചു. ചെറുപ്പക്കാർക്ക് കോടാലി എന്താണെന്ന് അറിയില്ല. അത് വരച്ചുകാണിക്കേണ്ടിവരും. കാലത്തിനൊത്ത പ്രയോഗം നടത്താൻ അദ്ദേഹത്തിന് ക്ലാസെടുത്തുകൊടുക്കണം. പാലക്കാട്ടെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും അൻവർ പറഞ്ഞു.
നേരത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ പാലക്കാട്ടെ മുസ്‍ലിം സമുദായത്തിന്റെ വോട്ടുകൾ യു.ഡി.എഫിലേക്ക് പോകില്ലെന്നും അൻവർ പ്രതികരിച്ചിരുന്നു. ഇത്തരത്തിൽ യു.ഡി.എഫിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് പ്രതിഷേധം രേഖപ്പെടുത്താനായി തന്നോട് മിൻഹാജിനെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയുടെ വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ല. കെ.പി.സി.സിക്ക് വാതിലുകൾ മാത്രമല്ല ജനലുകളുമുണ്ട്. ജനലിലൂടെയും കെ.പി.സി.സിക്ക് ഓഫീസിലേക്ക് പ്രവേശിക്കാം. ബി.ജെ.പി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിലെ പലരും പിന്തുണയറിയിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.