'എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ സി.പി.എം നേതാവ് പ്രതിയാണെന്ന് പ്രചരിപ്പിച്ചു'; പൊലീസിനെതിരെ വീണ്ടും അൻവർ
text_fieldsമലപ്പുറം: പൊലീസിനെതിരെ വിമർശനം തുടർന്ന് പി.വി. അൻവർ എം.എൽ.എ. എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഐ.പി. ബിനുവാണ് പ്രതിയെന്ന് പൊലീസിലെ ഒരു വിഭാഗം പ്രചരിപ്പിച്ചെന്ന് അൻവർ ആരോപിക്കുന്നു. മറുനാടൻ മലയാളി ആദ്യം നൽകിയ ഈ വാർത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റുപിടിച്ചുവെന്ന് അൻവർ വിമർശിച്ചു.
'മാധ്യമങ്ങൾ വഴി ബിനുവിനെ പരസ്യവിചാരണക്ക് എറിഞ്ഞ് കൊടുക്കാൻ ചുക്കാൻ പിടിച്ചതും പൊലീസിലെ തന്നെ ഒരു കൂട്ടരാണ്. ഇന്ന് സത്യം പുറത്ത് വന്നിട്ടുണ്ട്. പ്രതികൾ പിടിയിലായിട്ടുണ്ട്. അവർ നിയമനടപടികൾ നേരിടുന്നുമുണ്ട്. ഐ.പി ബിനു നിലവിൽ തിരുവനന്തപുരം നഗരത്തിലെ പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ്. മാസങ്ങളോളം ആ സഖാവും കുടുംബവും അനുഭവിച്ച മാനസിക സംഘർഷം നിങ്ങൾക്ക് ആലോചിക്കാൻ കഴിയുമോ' -അൻവർ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
മുഖ്യമന്ത്രിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കി പൊലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. പൊലീസ് എ.ഡി.ജി.പി അജിത്ത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ഇന്നലെ അൻവർ ആരോപിച്ചിരുന്നു. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും അൻവർ തുറന്നടിച്ചു.
അൻവറിന്റെ ആരോപണങ്ങൾ
- പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നു.
- സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങൾ ചോർത്താൻ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി, എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്.
- കരിപ്പൂരിലെ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്.
- പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം സ്വർണ്ണം പിടികൂടി പങ്കിട്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.