പി.വി. അൻവർ Vs പി. ശശി; പാർട്ടി ആർക്കൊപ്പം?
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭമായി മാറവേ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരുന്നു. അൻവർ വിവാദത്തിന്റെ തുടർച്ച എങ്ങനെയെന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനം നിർണായകമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും എഴുതി നൽകിയിട്ടുണ്ട്. എല്ലാം പാർട്ടി പരിശോധിക്കുമെന്നാണ് അൻവറിന് സെക്രട്ടറി നൽകിയ ഉറപ്പ്.
നേരത്തേ, പരാതി മുഖ്യമന്ത്രിക്ക് നൽകിയപ്പോൾ അൻവറിന് ഉറപ്പൊന്നും ലഭിച്ചിരുന്നില്ല. മാത്രമല്ല, പി. ശശിയെയും എം.ആർ. അജിത്കുമാറിനെയും സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി കാര്യമായി ഗൗനിക്കാതിരുന്ന പരാതി, പാർട്ടി സെക്രട്ടറി എത്രത്തോളം കാര്യമായെടുക്കുമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രതീക്ഷിക്കുന്നത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കെ, മുഖ്യമന്ത്രി വി.എസിന്റെ തീരുമാനങ്ങളിൽ പലപ്പോഴും തിരുത്തൽ ശക്തിയായി നിന്നിട്ടുണ്ട്. അതേ പിണറായിയാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത്. പാർട്ടിയിലും ഭരണത്തിലും അവസാനവാക്ക് പിണറായിയാണ്. പഴയ ‘പിണറായി ശൈലി’ എം.വി. ഗോവിന്ദൻ സ്വീകരിക്കുമോയെന്നതാണ് കാണാനിരിക്കുന്നത്.
എം.വി. ഗോവിന്ദൻ ആഗ്രഹിച്ചാലും മുതിർന്ന നേതാക്കളടങ്ങിയ കമ്മിറ്റിയിൽ എത്രപേർ ഒപ്പംനിൽക്കുമെന്നത് കണ്ടറിയണം. എം.വി. ഗോവിന്ദന് പിണറായി വിജയനെ പ്രതിരോധത്തിലാക്കി പാർട്ടിയിൽ പിടിമുറുക്കാനുള്ള അവസരമാണിത്.
തന്നോട് ഉടക്കിയ ഇ.പി. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കി ഒതുക്കിയതിന് പിന്നാലെ, പിണറായിയുടെ വിശ്വസ്തനായ പി. ശശിയെക്കൂടി വെട്ടിനിരത്താനായാൽ, പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഗോവിന്ദൻ കരുത്തനാകും. പാർട്ടിയും ഭരണവും ഒരുപോലെ കൈപ്പിടിയിലാക്കിയ പിണറായി വിജയന്റെ ശൈലിയോട് യോജിക്കാത്ത രണ്ടാംനിര, മൂന്നാംനിര നേതാക്കളുടെ പിന്തുണ ഗോവിന്ദന് ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.