ശശിക്കെതിരെ അന്വേഷണമില്ല; അൻവറിനെ പാർട്ടിയും കൈവിട്ടു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ തുറന്നടിച്ച് സർക്കാറിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയ പി.വി. അൻവർ എം.എൽ.എയെ കൈവിട്ട് സി.പി.എം. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവർക്കെതിരെ അൻവർ ഉന്നയിച്ച വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പാർട്ടിയുടെ നിയന്ത്രണം ഇപ്പോഴും പൂർണമായും പിണറായിയുടെ കൈപ്പിടിയിൽ തന്നെയെന്ന് യോഗത്തിൽ ഒരിക്കൽകൂടി വ്യക്തമായി. ആർ.എസ്.എസ് ബന്ധം, മാഫിയ ഇടപാട് എന്നിങ്ങനെ ഗുരുതര ആരോപണമുയർന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ ഒരു എതിർപ്പും യോഗത്തിലുണ്ടായില്ല.
അൻവറിന്റെ പരാതിയിൽ പി. ശശിക്കെതിരെ ഒന്നുമില്ലെന്നും ചാനലുകളിൽ പറയുന്നതുവെച്ച് പാർട്ടിക്ക് നടപടിയെടുക്കാനാവില്ലെന്നും യോഗ ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ചാണ് പറയുന്നത്. അത് സർക്കാർ തലത്തിൽ അന്വേഷിക്കുന്നുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് അൻവർ പറയുന്നതുകൊണ്ടുമാത്രം അങ്ങനെയാകില്ല. സി.പി.എം എം.എൽ.എയായിരിക്കുന്ന ഒരാൾ ഇങ്ങനെയല്ല കാര്യങ്ങൾ പറയേണ്ടിരുന്നതെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, അൻവറിന്റെ തുറന്നുപറച്ചിലിനോട് പാർട്ടിക്കുള്ള അതൃപ്തി പരസ്യമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ അൻവറിനെതിരെ ശക്തമായ വിമർശനം ഉയർന്നതായാണ് വിവരം.
അൻവർ അതിരുവിട്ടെന്നും പാർട്ടി എം.എൽ.എയെന്ന നിലക്കുള്ള മാന്യത പാലിക്കുന്നില്ലെന്നുമായിരുന്നു വിമർശനം. അൻവർ പി. ശശിക്കും എ.ഡി.ജി.പിക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും സർക്കാർ കാര്യമായി എടുത്തില്ല.എം.ആർ. അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥരടങ്ങിയ സംഘത്തെയാണ് അൻവറിന്റെ പരാതിയിൽ അന്വേഷണത്തിന് നിയോഗിച്ചത്. തുടർന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പുമായി അൻവർ പാർട്ടി സെക്രട്ടറിയെ കണ്ടത്. മുഖ്യമന്ത്രി കൈവിട്ടതോടെ ഒരു ചുവട് പതുങ്ങിയ അൻവർ പാർട്ടി സെക്രട്ടറിയെ കണ്ടശേഷം വർധിത വീര്യത്തോടെ രംഗത്തെത്തിയിരുന്നു.
എല്ലാം പാർട്ടി പരിശോധിക്കുമെന്ന എം.വി. ഗോവിന്ദന്റെ ഉറപ്പിൽ വിശ്വസിച്ച അൻവർ, പാർട്ടിയും കൈവിട്ടതോടെ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഈ നിലയിൽ മുൾമുനയിൽ നിർത്തുമ്പോഴും അൻവറിനുള്ള മറുപടിയിൽ പാർട്ടി സെക്രട്ടറിയടക്കം പതിവിൽ കവിഞ്ഞ മിതത്വം പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.