പി. ശശിക്കെതിരെ യുദ്ധമുഖം തുറക്കാൻ പി.വി. അൻവർ
text_fieldsമലപ്പുറം: സി.പി.എമ്മിൽ ഒരു വിഭാഗത്തിന്റെ പരോക്ഷ പിന്തുണയുണ്ടെന്നതിന്റെ സൂചന നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ കരുനീക്കവുമായി പി.വി. അൻവർ എം.എൽ.എ മുന്നോട്ട്. ശശിക്കെതിരെ രണ്ട് ദിവസത്തിനകം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി എഴുതി നൽകുമെന്ന പ്രതികരണം ഇതിെൻറ സൂചനയാണ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ സർക്കാർ സുരക്ഷകവചം തീർക്കുന്നെന്ന ആരോപണങ്ങൾക്കിടയിലാണ് പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ അൻവറിന്റെ പ്രത്യക്ഷ നീക്കം. ആർ.എസ്.എസുമായുള്ള അജിത്കുമാറിന്റെ കൂടിക്കാഴ്ച സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തിയെന്നതാണ്, ശശിക്കെതിരെ അൻവർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയിൽ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി. ശശിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നെന്നും ഇതിന്റെ കാരണം അന്വേഷിക്കണമെന്നുമാണ് അൻവർ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്താൻ അജിത് കുമാറിനൊപ്പം ശശിയും ഒത്തുകളിച്ചെന്നതിലൂടെ ആർ.എസ്.എസ്-എ.ഡി.ജി.പി ചർച്ചയുടെ ഉത്തരവാദിത്തം ശശിക്കുമേൽ ചാർത്താനാണ് ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പ് അടക്കിവാഴുന്ന പി. ശശിയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള സി.പി.എമ്മിലെ ചരടുവലികളാണ് അൻവറിലൂടെ പുറത്തുവരുന്നതെന്ന വിലയിരുത്തലുണ്ട്. ഡൽഹിയിലുള്ള അൻവർ അടുത്ത ദിവസം മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.