മുഖ്യമന്ത്രിക്ക് പിന്നാലെ കൈവിട്ട് പാർട്ടിയും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പി.വി. അൻവർ എം.എൽ.എയെ സി.പി.എം കൈവിട്ടത്. ഉന്നയിക്കുന്ന ആരോപണങ്ങൾ നാട്ടുകാരുടെ നന്മക്ക് വേണ്ടിയാണെന്നും കൊല്ലപ്പെട്ടാലും പിന്മാറില്ലെന്നുമാണ് അൻവർ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് നൽകിയ മറുപടി. എന്നാൽ, പാർട്ടിക്കും സർക്കാറിനുമെതിരെ തുടർച്ചയായ ആരോപണങ്ങളുന്നയിക്കുന്നത് അവസാനിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അസാധാരണ വാർത്തക്കുറിപ്പിൽ ഞായറാഴ്ച അൻവറിനോട് ആവശ്യപ്പെടുകയായിരുന്നു . ‘പി.വി. അൻവർ എം.എൽ.എയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല. ഇത്തരം നിലപാടുകള്‍ ശത്രുക്കള്‍ക്ക് സർക്കാറിനെയും പാർട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. നിലപാട് തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍നിന്ന് പിന്തിരിയണം’ -വാർത്തക്കുറിപ്പിൽ പറഞ്ഞു.
അൻവറിനോടുള്ള മൃദുസമീപനം സി.പി.എം അവസാനിപ്പിച്ചതിന്റെ പ്രഖ്യാപനമായിരുന്നു പത്രക്കുറിപ്പ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവർക്കെതിരെ ആഴ്ചകളായി ഗുരുതര ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചിട്ടും പാർട്ടിയിൽനിന്ന് പ്രത്യാക്രമണം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനം വിളിച്ച് അൻവറിനെ തള്ളിയതോടെയാണ് പാർട്ടിയും നിലപാട് കർശനമാക്കി ഞായറാഴ്ചയായിട്ടും പത്രക്കുറിപ്പിറക്കിയത്.
വിവാദത്തിൽ ഇതുവരെ മൗനംപാലിച്ച സി.പി.എം നേതാക്കൾ അൻവറിനെതിരെ രംഗത്തുവന്നിട്ടുമുണ്ട്. പിന്നാലെയാണ് അൻവർ ‘യുദ്ധം’ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.