'അൻവർ തന്നെയാണ് നട്ടെല്ലുള്ള സഖാവ്'; രണ്ടായിത്തിരിഞ്ഞ് സൈബർ ഇടതുപക്ഷം, അണികളുടെ വിമർശനങ്ങളിൽ പൊള്ളി സി.പി.എം
text_fieldsകോഴിക്കോട്: സി.പി.എമ്മിലും എൽ.ഡി.എഫിലും സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത ആഭ്യന്തര സംഘർഷമാണ് പി.വി. അൻവർ എം.എൽ.എയുടെ നിലുപാടുകളിലൂടെ സംഭവിച്ചത്. സർക്കാറിനെ പാടെയുലച്ച അൻവറിന്‍റെ വെളിപ്പെടുത്തലുകളുടെ അവസാനം, എം.എൽ.എയെ പൂർണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ് സി.പി.എം. വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായി അൻവർ മാറിയെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഏറ്റവുമൊടുവിലത്തെ പ്രസ്താവന. എന്നാൽ, സമൂഹമാധ്യമങ്ങളിലെ സൈബർ ഇടതുപക്ഷം അൻവർ വിഷയത്തിൽ രണ്ടായിത്തിരിഞ്ഞിരിക്കുകയാണ്.
പാർട്ടിയെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കിയ അൻവറിന്‍റെ ആരോപണങ്ങളിൽ ആദ്യം വ്യക്തമായൊരു നിലപാട് സി.പി.എം സ്വീകരിച്ചിരുന്നില്ല. ഇതോടെ, അൻവറിനെ തള്ളണോ കൊള്ളണോയെന്ന സംശയത്തിലായിരുന്നു അണികൾ. സി.പി.എം അനുഭാവികളുടെ ഗ്രൂപ്പുകളിൽ രണ്ടായിത്തിരിഞ്ഞ് കടുത്ത ചർച്ചകൾ നടന്നു. എന്നാൽ, മുഖ്യമന്ത്രി അൻവറിനെ പൂർണമായും തള്ളിപ്പറഞ്ഞ് വാർത്തസമ്മേളനം നടത്തിയപ്പോഴാണ് അൻവറും പാർട്ടിയും തമ്മിലെ അകൽച്ചയുടെ ചിത്രം വ്യക്തമായത്. തൊട്ടുപിന്നാലെ, തലേ ദിവസം വരെ പിതൃതുല്യനെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി അൻവറും രംഗത്തെത്തി.
അൻവറിനെ ശത്രുപക്ഷത്ത് നിർത്തിയതോടെയാണ് സി.പി.എം ഉണരുന്നത്. ഇതോടെ, അതുവരെ മിണ്ടാതിരുന്ന നേതാക്കളെല്ലാം വിവാദത്തിൽ പാർട്ടിയെ പ്രതിരോധിച്ച് രംഗത്തെത്തി. എന്നാൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ ഇന്നലത്തെ പ്രസ്താവനക്ക് കീഴെ സൈബറിടങ്ങളിൽ രൂക്ഷ വിമർശനം നടത്തുന്നവരിലേറെയും അണികൾ തന്നെയാണെന്നതാണ് വസ്തുത. 'പി.വി. അൻവർ കുറച്ചു കാലമായില്ലേ ആര് കേട്ടാലും സത്യമാണെന്ന് മനസ്സിലാകുന്ന ചില കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലൊക്കെ പറയുന്നു... എന്നിട്ട് എന്ത്കൊണ്ടാണ് പാർട്ടിയിൽപെട്ട ആർക്കും ഇതിനൊന്നും വ്യക്തമായ മറുപടി കൊടുക്കാൻ കഴിയാത്തത്' എന്നാണ് ഒരു കമന്‍റ്. 'നമ്മള് കഷ്ടപ്പെട്ട് വോട്ട് ചെയ്തു പാർട്ടിയെ വിജയിപ്പിക്കുക.. ആർ.എസ്.എസ്-ബി.ജെ.പി കഷ്ടപ്പെട്ട് നമ്മളെ തോൽപ്പിക്കാൻ ശ്രക്കമിക്കുക.. പാർട്ടി ഭരണത്തിൽ ഉള്ളപ്പോൾ പൊലീസ് മേധാവി ആർ.എസ്.എസുകാരേ കണ്ട് സംസാരിച്ച് ആർ.എസ്.എസുകാരെ സംരക്ഷിക്കുക, പാർട്ടിക്കാരെ അടിച്ചു മൂലക്ക് ഇരുത്തുക... സൂപ്പർ വിപ്ലവം' എന്നാണ് മറ്റൊരാളുടെ കമന്‍റ്.
ഇടതുപക്ഷം വിടാൻ പി.വി. അൻവർ കാരണങ്ങളുണ്ടാക്കുന്നുവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പാർട്ടി പേജിലെ വിഡിയോയിൽ പറയുന്നത്. എന്നാൽ, എത്ര ന്യായീകരിച്ചാലും അൻവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ ബാക്കിയാവും എന്നാണ് കമന്‍റ് ബോക്സിൽ നിറയുന്നത്. 'സഖാവെ, ഇതിലെ കമന്‍റ് ബോക്സ് കൂടി വായിക്കണം ഇതിൽ കമന്‍റ് ഇട്ടത് എല്ലാവരും വലതു പക്ഷക്കാരാണോ? അങ്ങനെയെങ്കിൽ ഇടതുപക്ഷക്കാർ എവിടെ പോയി? തെറ്റ് തിരുത്തി മുന്നോട്ട് പോയാൽ നന്ന്. ആരെയെങ്കിലും രക്ഷിക്കാൻ ന്യായീകരണവുമായി വന്നാൽ സാധാരണ അണികൾക്ക് അത് മനസിലാവും' എന്നാണ് ഒരു കമന്‍റ്. 'ഒരു നേതാവും പാർട്ടിക്ക് മുകളിലല്ല എന്ന് പറഞ്ഞിട്ട് നേതാക്കന്മാരെ സംരക്ഷിക്കാൻ സത്യം മറച്ചു വെക്കാൻ സത്യങ്ങൾ വിളിച്ചു പറയുന്നവരുടെ നാവടച്ചു പിടിച്ചിട്ട് കാര്യമുണ്ടോ? ജനങ്ങൾ പിന്നിലുണ്ടെങ്കിലേ പാർട്ടി ഉള്ളൂ. അതൊരു ഓർമപ്പെടുത്തലാണ്.' -മറ്റൊരാളുടെ കമന്‍റ്. ബംഗാളിലും ത്രിപുരയിലും പാർട്ടിക്ക് എന്തുസംഭവിച്ചു എന്നത് കൂടി ഓർക്കണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.