പിണറായിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി പി.വി. അൻവർ; ‘സി.പി.എമ്മിൽ ഒരു റിയാസ് മാത്രം മതിയോ?’
text_fieldsനിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇടത് എം.എൽ.എ പി.വി. അൻവർ. പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയ അൻവർ, തന്നെ പിണറായി വിജയൻ വഞ്ചിച്ചെന്നും പറഞ്ഞു. പരസ്യ പ്രസ്താവന നടത്തരുതെന്ന സി.പി.എം വിലക്ക് ലംഘിച്ചാണ് അൻവർ നിലമ്പൂരിൽ വാർത്താസമ്മേളനം വിളിച്ചത്.
എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് പറഞ്ഞ അൻവർ, എൽ.ഡി.എഫ് യോഗത്തിലോ പാർലമെന്‍ററി പാർട്ടി യോഗത്തിലോ ഇനി മുതൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. എം.എൽ.എ സ്ഥാനം ജനങ്ങൾ നൽകിയതാണ്. ജനങ്ങളോട് എല്ലാ കാര്യങ്ങളും പറയും. ഇതിനായി ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം നടത്തുമെന്നും അൻവർ പറഞ്ഞു.
സ്വതന്ത്ര എം.എൽ.എയായി ബാക്കിയുള്ള കാലാവധിയും നിയമസഭയിൽ തുടരും. പല തവണ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ, മറുപടി കിട്ടാതായതോടെ പറയുന്നത് നിർത്തി. സി.പി.എം പ്രവർത്തകരോടൊപ്പം താൻ ഉണ്ടാകും. പിതാവിന്‍റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി. സി.പി.എമ്മിൽ ഒരു റിയാസ് മാത്രം മതിയോ? ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുന്നു. ബാക്കിയുള്ളവർക്കും നിലനിൽക്കേണ്ടേയെന്നും അൻവർ ചോദിച്ചു.
മുഖ്യമന്ത്രി തനിക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്നും യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അൻവർ പറഞ്ഞു. പി. ശശിയും എ.ഡി.ജി.പിയും എഴുതിക്കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ തനിക്ക് ഡാമേജുണ്ടാക്കി. അദ്ദേഹത്തെ തിരുത്താൻ പാർട്ടി തയാറായില്ല. പാർട്ടി തനിക്ക് നൽകിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇനി വിശ്വാസം കോടതിയിലാണെന്നും താൻ ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.
പിണറായിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണ്. ഇങ്ങനെ പോയാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല. സ്വർണം തട്ടിപ്പ് പിണറായിയുടെ അറിവോടെയാണ്. സ്വർണക്കടത്ത് സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുമോ എന്നും അൻവർ ചോദിച്ചു.
മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് എ.ഡി.ജി.പി അജിത് കുമാർ വിളിക്കുന്നത്. ഉന്നതർക്ക് എന്ത് അഴിമതിയും നടത്താം. ഒന്നും മിണ്ടാൻ പ്രവർത്തകരെ സമ്മതിക്കില്ല. മൂക്കിന് താഴെ നടന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെന്‍റ് നടത്തേണ്ടവർ ആരോ അവരാണ് പൂരം കലക്കിയതെന്നും പി.വി. അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് പി.വി അൻവർ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം വിളിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്നും അൻവർ വ്യക്തമാക്കി.
മരംമുറികേസും എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ല. സ്വർണക്കടത്തുകാർക്ക് പൊലീസ് കൂട്ടുനിൽക്കുന്നു. ആരോപണങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പാർട്ടി പറഞ്ഞതു വിശ്വസിച്ചു. അതിനാൽ നിർദേശം പാലിച്ചു. എന്നാൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയില്ല. സ്വർണക്കടത്തു കേസിൽ ഒന്നും വ്യക്തമല്ല. റിദാൻ വധക്കേസിലും പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല.
പാർട്ടിയിലായിരുന്നു എന്‍റെ പ്രതീക്ഷ. ഒന്ന് അന്വേഷിക്കട്ടെ എന്നു പോലും പാർട്ടി സെക്രട്ടറി പറഞ്ഞില്ല. എല്ലാ ഉറപ്പുകളും പാർട്ടി ലംഘിച്ചു. പാർട്ടിയിലെ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ചാണ് ഇവിടെവരെ എത്തിയത്. എന്നാൽ അവരുടെ വിഷയങ്ങൾ പരിശോധിക്കാൻ പാർട്ടി തയാറല്ല. പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണത്തിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. പി. ശശിക്കെതിരെ അന്വേഷണം നടത്തിയില്ലെന്നു മാത്രമല്ല, തന്നെ അപമാനിക്കുന്ന രീതിയിൽ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രസ്താവന നടത്തി. മുഖ്യമന്ത്രി കള്ളക്കടത്തുകാരിൽ ഒരാളായി ചിത്രീകരിക്കുകയാണ് ചെയ്തത്.
സ്വർണക്കടത്തു കേസിൽ പൊലീസ് സ്വർണം പൊട്ടിക്കുന്നുവെന്ന ആരോപണം അൻവർ ആവർത്തിച്ചു. പ്രതികളിൽനിന്ന് പിടികൂടുന്ന സ്വർണം കോടതിയിൽ എത്തുമ്പോൾ അളവു കുറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണവേട്ടയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അൻവർ ചോദിച്ചു.
താൻ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ല. പാർട്ടിയുടെ അടിസ്ഥാനമായ നയം പാവങ്ങളെ സ്നേഹിക്കുകയാണ്. വർഗീയതക്കെതിരെ ശക്തമായി നടപടികൾ എടുക്കുന്ന പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ, പാർട്ടി പാർട്ടി എന്ന് പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ആർക്കെതിരെയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. ഗോവിന്ദൻ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കിൽ ബാക്കിയുള്ളവരുടെ ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നിൽക്കണം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ലെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.