കള്ളക്കടത്ത് സ്വർണം വാങ്ങുന്നത് ആര്? എന്ത് കൊണ്ട് ആ വഴിക്ക് അന്വേഷിക്കുന്നില്ല? -പിണറായിയോട് പി.വി. അൻവർ
text_fieldsനിലമ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ സ്വർണക്കടത്ത് നടക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി, ആ സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത് എന്ന് അന്വേഷിക്കാൻ താൽപര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് പി.വി. അൻവർ എം.എൽ.എ. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണം കൊടുത്തുവിടുന്നത് വിദേശത്തുനിന്നായതിനാൽ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. എന്നാൽ, ഇവിടെ ആരാണ് ഈ സ്വർണം കൈപ്പറ്റുന്നത് എന്ന് പൊലീസിന് എളുപ്പത്തിൽ അന്വേഷിച്ച് കണ്ട് പിടിക്കാമല്ലോ. എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്. സ്വർണക്കടത്തിൽ കാരിയർമാരായി പിടിക്കപ്പെടുന്ന, വിദേശത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാക്കളിൽ അന്വേഷണം അവസാനിപ്പിക്കാതെ ആ സ്വർണം ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
‘ഞാൻ പറഞ്ഞ വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ വെല്ലുവിളിക്കുന്നു. അതിൽ എന്നെയും ഉൾപ്പെടുത്തിക്കോളൂ. കള്ളക്കടത്ത് സ്വർണം ആര്, ആർക്ക് കൊണ്ടുവരുന്നു എന്ന് സർക്കാർ ഇതുവരെ അന്വേഷിച്ചോ? വിദേശത്ത് നിന്ന് കൊണ്ടുവരുന്നതായതിനാൽ ആര് കൊടുത്തുവിടുന്നുവെന്നത് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, ഇവിടെ എത്തിക്കുന്ന സ്വർണം ആരാണ് കൈപ്പറ്റുന്നത് എന്ന് കണ്ടെത്താൻ പൊലീസിന് കഴിയുമല്ലോ? എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്?’ -അദ്ദേഹം ചോദിച്ചു.
‘സുജിത് ദാസും അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഉൾപ്പെട്ട സംഘമാണ് ഈ മൂന്നുകൊല്ലം സ്വർണ വേട്ടയും സ്വർണം പൊട്ടിക്കലും നടത്തിയത്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ സംഘം നാളെ റിപ്പോർട്ട് നൽകാനിരിക്കുകയാണ്. അതിൽ ഇന്നലെ വൈകീട്ടാണ് വിജിലൻസ് എന്റെ മൊഴിയെടുക്കാൻ എത്തിയത്്. എത്ര അപഹാസ്യമാണിത്. നാളത്തെ റിപ്പോർട്ടിന് ഇന്ന് മൊഴി തരാൻ സൗകര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ പരാതി നൽകി ഒരുമാസം കഴിഞ്ഞിട്ട് ഇപ്പോഴാണോ മൊഴി എടുക്കേണ്ടത്?’ -അൻവർ ചോദിച്ചു
ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കിൽ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നത്. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തൽ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുത്തൽ ആത്മാർത്ഥതയുള്ളതാണെങ്കിൽ പത്രം രാവിലെ കേരളത്തിൽ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്.
ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡൽഹിയിൽ വെച്ച് ഇന്റർവ്യൂ കൊടുത്തത്. ബി.ജെ.പി ഓഫിസിലും ആർ.എസ്.എസ് കേന്ദ്രത്തിലും അത് ചർച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോർഡ് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് എയർപോർട്ട് എന്ന വാക്ക് ആദ്യമായി മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം എന്നത് മാറ്റി കരിപ്പൂർ എയർപോർട്ടും കോഴിക്കോട് എയർപോർട്ടുമായി മാറ്റിയതിൽ മുഖ്യമന്ത്രിയോട് നന്ദിയുണ്ട് -അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.