അധികഭൂമി തിരിച്ചുപിടിക്കൽ: പി.വി. അൻവർ ഹാജരായില്ല സാവകാശം ചോദിച്ച് അഭിഭാഷകൻ
text_fieldsതാമരശ്ശേരി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി സ്വന്തമാക്കിയെന്ന പരാതിയിൽ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി ഫെബ്രുവരി 15ന് ഹാജരാകണമെന്ന് കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടിട്ടും പി.വി. അന്‍വര്‍ എം.എല്‍.എ ഹാജരായില്ല. മൂന്നാം തവണയും വിചാരണക്ക് ഹാജരാകാത്ത പി.വി. അന്‍വർ എം.എൽ.എ സ്ഥലത്തില്ലാത്തതിനാൽ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സാവകാശവും തേടി അഭിഭാഷകനാണ് ചൊവ്വാഴ്ച ഹാജരായത്.
എം.എൽ.എക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും അതിൽ എം.എൽ.എയുടെ ഒപ്പില്ലായിരുന്നു. എം.എൽ.എ സ്ഥലത്തില്ലാത്തതിനാലാണ് ഒപ്പില്ലാത്തതെന്നായിരുന്നു വിശദീകരണം. ഈ മാസം 28ന് മുമ്പ് ഒപ്പോടെയുള്ള രേഖകൾ സമർപ്പിക്കാൻ കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്റ്റർ അൻവർ സാദത്ത് ആവശ്യപ്പെട്ടു.
ഡിസംബര്‍ 30ന് ഭൂരേഖകളുമായി ഹാജരാകാന്‍ എം.എല്‍.എക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ജനുവരി ഒന്നു മുതല്‍ അഞ്ചു മാസത്തിനകം അന്‍വറും കുടുംബവും കൈവശംവെക്കുന്ന അധികഭൂമി പിടിച്ചെടുക്കാന്‍ ഹൈകോടതി ജനുവരി 13ന് ഉത്തരവിട്ടിരുന്നു.
നേരത്തെ ആറുമാസത്തിനകം അധികഭൂമി കണ്ടുകെട്ടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റര്‍ കെ.വി. ഷാജി നല്‍കിയ കോടതിയലക്ഷ്യഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.