അടിതെറ്റി പി.വി. അൻവർ; ശക്തിപ്രകടനമില്ല, ഡി.എം.കെ സ്ഥാനാർഥിക്ക് കിട്ടിയത് 3920 വോട്ട് മാത്രം
text_fieldsതൃശൂർ: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകൾ തെറ്റി പി.വി. അൻവൻ എം.എൽ.എ. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പേരിൽ സംഘടന രൂപീകരിച്ച അൻവർ ആദ്യമായി നേരിട്ട തെരഞ്ഞടുപ്പായിരുന്നു ചേലക്കരയിലേത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംഘടനയുടെ ശക്തി തെളിയിക്കാമെന്നുള്ള പ്രതീക്ഷകളാണ് അസ്ഥാനത്തായത്.
കോൺഗ്രസ് നേതാവായിരുന്ന എൻ.കെ. സുധീറിനെയാണ് ഡി.എം.കെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിച്ചത്. 2009ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ചേലക്കര കൂടി ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ എൻ.കെ. സുധീര്‍ മികച്ച വോട്ടുകൾ നേടിയിരുന്നു. പി.വി. അന്‍വറിന്‍റെ നിലപാടുകളോട് ആഭിമുഖ്യമുള്ള ഇടത് അണികളുടെ വോട്ട് സുധീറിന് ലഭിക്കുമെന്നും കണക്കുകൂട്ടലുണ്ടായി.
ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ച എന്‍.കെ. സുധീറിന് 3920 വോട്ട് മാത്രമാണ് ലഭിച്ചത്. എൽ.ഡി.എഫിന്‍റെ യു.ആർ പ്രദീപ് 64,827 വോട്ട് നേടി 12,201 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രമ്യ ഹരിദാസ് (യു.ഡി.എഫ്) 52,626 വോട്ട് നേടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 33,609 വോട്ട് നേടി മൂന്നാമതെത്തി.
ചേലക്കരയിൽ അൻവറിന്‍െ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷവിമർശനമാണ് അൻവർ പ്രചാരണത്തിലുടനീളം ഉയർത്തിയത്. നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ സംഭവവുമുണ്ടായിരുന്നു.
പാലക്കാട് മണ്ഡലത്തിലും ഡി.എം.കെ സ്ഥാനാർഥിയെ നിർത്തിയിരുന്നു. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ സ്ഥാനാർഥി എം.എം. മിൻഹാജിനെ പിന്നീട് പിൻവലിക്കുകയായിരുന്നു. ചേലക്കരയിലെ കുറഞ്ഞ വോട്ടുനില അൻവറിന് രാഷ്ട്രീയ തിരിച്ചടി കൂടിയാണ്. ഡി.എം.കെയുടെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയുണ്ടായ തെരഞ്ഞെടുപ്പ് ഫലം അൻവറിന്‍റെ തുടർപ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കമെന്ന് കാത്തിരുന്ന് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.