‘കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ അൻവറിനെ ഉപയോഗിക്കുന്നു; പി. ശശിക്കെതിരെ അന്വേഷണമില്ല’
text_fieldsതിരുവനന്തപുരം: കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും പി.വി. അൻവറിനെ ഉപയോഗിക്കുകയാണെന്നും പാർട്ടി സമ്മേളനം നടക്കാനിരിക്കെയുള്ള ചർച്ചകൾ ആസൂത്രിതമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഡി.ജി.പിക്ക് എതിരെയുള്ള അൻവറിന്‍റെ പരാതി അന്വേഷിക്കേണ്ടത് സർക്കാറാണ്. നിലവിൽ പാർട്ടി പരിശോധിക്കുന്നില്ല. ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ പാർട്ടിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേരില്ലെന്നും, ശശിക്കെതിരെ അന്വേഷണമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഭരണതലത്തിലുള്ള പരിശോധനയാണ് ഇതിൽ ഉണ്ടാകേണ്ടത് എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. ശശിക്കെതിരെ ഒരു പരാതിയും പാർട്ടിയിലില്ല. ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കി എന്നത് വ്യാജ പ്രചാരണമാണ്. അൻവർ പറയുന്നതിന്‍റെ പേരിൽ കോൺഗ്രസിന് സമരം നടത്തേണ്ടിവരുന്നത് പ്രതിപക്ഷത്തിന്‍റെ പരാജയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“ഡി.ജി.പിയാണ് എ.ഡി.ജി.പിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്നത്. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണത്. മറ്റംഗങ്ങൾ കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡി.ജി.പിയെ സഹായിക്കാനുള്ളവരാണ്. അൻവറിന്‍റെ ആരോപണം മെറിറ്റിൽ പരിശോധിക്കാൻ പ്രതിപക്ഷം തയാറാകുന്നില്ല. നേരത്തെ മാധ്യങ്ങൾ അൻവറിനെ സാമൂഹ്യദ്രോഹി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ പാർട്ടിക്കെതിരെ ഉപയോഗിക്കാൻ അൻവറിനെ ഉപയോഗിക്കുന്നു. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രിയെ വിശ്വാസമാണെന്നും അൻവർ പറഞ്ഞപ്പോൾ മാധ്യമങ്ങൾ വീണ്ടും മാറി.
കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്നാണ് മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും നോക്കുന്നത്. എന്നാൽ ഇത്തരം ശ്രമങ്ങളൊന്നും ജയിക്കാൻ പോകുന്നില്ല. പൊലീസിനെ ആക്രമിക്കുമെന്ന കോൺഗ്രസ് നേതാവിനെതിരെ വാർത്ത നൽകാൻ മാധ്യമങ്ങൾ തയാറായില്ല. ബ്രാഞ്ച് സമ്മേളനങ്ങൾ വലിയ സംഭവമാണെന്ന രീതിയിലൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമ്മേളനത്തെ അലങ്കോലപ്പെടുത്താൻ മാധ്യമങ്ങൾക്കാവില്ലെന്ന് ഓർമപ്പെടുത്തുകയാണ്” -എം.വി. ഗോവിന്ദൻ പറഞ്ഞു.
പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വറിന്റെ നിലപാടിനെയും ഗോവിന്ദന്‍ വിമര്‍ശിച്ചു. ജനപ്രതിനിധിയും പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ പി.വി.അന്‍വര്‍ ഇങ്ങനെയായിരുന്നില്ല പ്രശ്‌നം ഉന്നയിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി കണ്ടെത്താന്‍ കെ.ടി.ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.