പി.വി. അൻവർ എം.എൽ.എ റിമാൻഡിൽ; ഭരണകൂട ഭീകരതയെന്ന് അൻവർ
text_fieldsനിലമ്പൂർ: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസിലേക്ക് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. രാത്രി 9.45ഓടെ ഒതായിലെ വീട്ടിൽ വെച്ച് നിലമ്പൂർ ഡിവൈ.എസ്.പി ബാലചന്ദ്രനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അൻവർ എം.എൽ.എ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
രാത്രി 8.30ഓടെ ഉയർന്ന പൊലീസ് ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ അൻവറിന്‍റെ ഒതായിയിലെ വീട് വളയുകയായിരുന്നു. എം.എൽ.എയെ അറസ്റ്റ് ചെയ്യുമെന്ന വാർത്ത പരന്നതോടെ നാട്ടുകാരും ഡി.എം.കെ പ്രവർത്തകരും വീടിന്‍റെ പരിസരങ്ങളിൽ തമ്പടിച്ചു. ഇതോടെ പൊലീസ് അറസ്റ്റ് നീട്ടികൊണ്ടുപോയി. രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അൻവർ ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു.
കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11.30ഓടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ പ്രവർത്തകർ ഫർണിച്ചർ തകർക്കുകയും ചെയ്തു. ശേഷം ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രിക്കു മുന്നിൽ വൻ സന്നാഹത്തോടെ പൊലീസ് മാർച്ച് തടഞ്ഞു.
മാർച്ചിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പി.വി. അൻവർ രൂക്ഷവിമർശനം നടത്തി. മന്ത്രി വിശ്വസിക്കാൻ കൊള്ളാത്തവനെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 10.30ഓടെ മരിച്ച മണിയുടെ പോസ്റ്റ്മോർട്ടം വൈകിയതിൽ പൊലീസിനെയും വിമർശിച്ചു. മണിയോടുള്ള ആദരവ് രേഖപ്പെടുത്തി ഞായറാഴ്ചത്തെ തന്‍റെ ജനകീയ മാർച്ച് മാറ്റിവെച്ചതായും പി.വി. അൻവർ പറഞ്ഞു.
വനം ഓഫിസ് തല്ലിത്തകർത്ത സംഭവത്തിൽ മൂന്ന് ഡി.എം.കെ പ്രവർത്തകരെ ജില്ല ആശുപത്രിക്കു മുന്നിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധീർ പുന്നപ്പാല, ഷൗക്കത്ത് പനമരം, മുസ്തഫ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടു.
കരുളായി നെടുങ്കയത്ത് കാട്ടാന ആക്രമണത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ നഗറിലെ കരിയന്റെ മകൻ മണിയാണ് (35) മരിച്ചത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ഉൾവനത്തിൽ ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. രോഗിയായ മൂത്ത മകൾ മീനാക്ഷിയെ തോളിലേറ്റി പോകുന്നതിനിടെയാണ് മണി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ടാക്സി ജീപ്പിൽ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങി കരിമ്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് നടന്നുപോവുകയായിരുന്നു മണി. ആനയുടെ ആക്രമണത്തിനിടെ മീനാക്ഷി ദൂരേക്ക് തെറിച്ചുവീണു. മണിയുടെ കൂടെയുണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മനീഷ്, ബിജു, വിജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. ആന ആക്രമിച്ച വിവരം ഓടിരക്ഷപ്പെട്ടവർ ജീപ്പ് ഡ്രൈവറെ അറിയിച്ചു. തുടർന്ന് വനപാലകർക്കും പൊലീസിനെയും അറിയിച്ചു. പരിക്കേറ്റ മണിയെ സഹോദരൻ അയ്യപ്പൻ ഒന്നര കിലോമീറ്ററോളം എടുത്താണ് കണ്ണിക്കൈയിലെത്തിച്ചത്. പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
അറസ്റ്റിലെ സർക്കാറിന്‍റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.