Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഴ നടുന്ന കുഴിയില്‍...

വാഴ നടുന്ന കുഴിയില്‍ ചാണകപ്പൊടി ഇടുക, മണ്ടയടപ്പില്‍ നിന്ന് രക്ഷപ്പെടും -രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ

text_fields
bookmark_border
വാഴ നടുന്ന കുഴിയില്‍ ചാണകപ്പൊടി ഇടുക, മണ്ടയടപ്പില്‍ നിന്ന് രക്ഷപ്പെടും -രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ
cancel

നിലമ്പൂർ: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച് തകർത്ത് വാഴ നട്ട സംഭവത്തിൽ രാഹുലിനെതിരെ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ. വാഴ നടുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ചാണ് എം.എൽ.എയുടെ പോസ്റ്റ്.

രാഹുൽ ഗാന്ധിയെ നട്ടെല്ലില്ലാത്ത വാഴയോടുപമിച്ചാണ് എസ്.എഫ്.ഐക്കാർ രാഹുലിന്റെ ചിത്രം കെട്ടിത്തൂക്കിയ വാഴ എം.പി ഓഫിസിലെ കസേരയിൽ സ്ഥാപിച്ചത്. ഇത് വൻ വിവാദമാകുന്നതിനിടെയാണ് രാഹുലിനെ പരിഹസിച്ച് അൻവറും രംഗത്തുവന്നത്.

'വാഴ കൃഷി: അറിയേണ്ടതെല്ലാം' എന്ന തലക്കെട്ടിലുള്ള കുറിപ്പാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും, വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം, ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം, വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇട്ടാൽ മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും' തുടങ്ങിയ പൊടി​ക്കൈകളും കുറിപ്പിൽ പറയുന്നുണ്ട്.

'സാമകാലീന സാഹചര്യങ്ങളുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല. ആർക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം. ചില പ്രത്യേക ജീവികൾ ഈ പോസ്റ്റിൽ വന്ന് കിടന്ന് കയറുപൊട്ടിക്കുന്നുണ്ട്‌. അവർക്ക്‌ പ്രയോജനപ്പെടുന്ന പുല്ല് കൃഷിയേ സംബന്ധിച്ചുള്ള ആർട്ടിക്കിളും ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും..' എന്നും അൻവർ കുറിപ്പിന് താഴെ കമന്റുചെയ്തിട്ടുണ്ട്.

അതിനിടെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.

പി.വി. അൻവറിന്റെ ഫേസ്ബുക് പോസ്റ്റ്:

വാഴ കൃഷി: അറിയേണ്ടതെല്ലാം

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

കടപ്പാട് : http://farmextensionmanager.com/

(കർഷക താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്‌)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiRahul GandhiPV Anvar
News Summary - PV Anvar MLA mocks Rahul Gandhi's office attack
Next Story