ചേലക്കരയിൽ കോൺഗ്രസ് സഹായിച്ചാൽ പാലക്കാട് ഡി.എം.കെ സ്ഥാനാർഥിയെ പിൻവലിക്കും -പി.വി അൻവർ; ‘തക്കതായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും’
text_fieldsതിരുവനന്തപുരം: ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് ഡി.എം.കെ പിന്തുണയുള്ള സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് പി.വി. അൻവർ എം.എൽ.എ. ആർ.എസ്.എസ്- ബി.ജെ.പി വർഗീയതയും പിണറായിസവും തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ് ഡി.എം.കെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അൻവർ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവർ എംഎൽഎയോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ലെന്നും ആദ്യം താനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നുമാണ് അൻവറിന്റെ നിലപാട്. ‘അൻവർ സഹായിക്കണമെന്നും പിന്തുണയ്ക്കണമെന്നും യു.ഡി.എഫ് പറഞ്ഞതിൽ സന്തോഷമുണ്ട്. അതിനെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ എന്റെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ സ്ഥാനാർഥികളെ പിൻവലിക്കൂ. നേതാക്കളുമായി ഇപ്പോഴും ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അവരൊക്കെ പണ്ട് എന്റെ സഹപ്രവർത്തകർ ആയിരുന്നല്ലോ. ഒരുപാട് കാലം ഒരുമിച്ച് നടന്നവരല്ലേ, രാഷ്ട്രീയം മാറിയെങ്കിലും സൗഹൃദം മാറിയിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
രമ്യ ഹരിദാസിനോട് വ്യക്തിപരമായി വിരോധമൊന്നുമില്ല. എന്നാൽ, ചേലക്കരയിൽ കോൺഗ്രസ് ജയിക്കാനുള്ള യാതൊരു സാധ്യതയുമില്ല. അവിടെ എൽ.ഡി.എഫിനെ തോൽപിക്കാൻ കോൺഗ്രസ് സുധീറിന് പിന്തുണ നൽകണം. ഡി.എം.കെ പിന്തുണയുള്ള അദ്ദേഹത്തിന് വേണ്ടി രമ്യഹരിദാസ് പിൻമാറിയാൽ പാലക്കാട്ട് മിൻഹാജ് മെദാറിന്റെ സ്ഥാനാർഥിത്വം പിൻവലിക്കാം. ചേലക്കരയിലെ കോൺസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ ആ പാർട്ടിക്കാർ തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ് -അൻവർ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവറിനോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സമാന മനസ്കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. മുൻ കോൺഗ്രസ് നേതാവ് എൻ.കെ. സുധീറാണ് അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ പിന്തുണയിൽ ചേലക്കരയിൽ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ ആണ് പാലക്കാട് ഡി.എം.കെ സ്ഥാനാർഥി. അതേസമയം വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ് എൻ.കെ. സുധീർ. കെ.പി.സി.സി സെക്രട്ടറിപദവും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.