പാലക്കാട്ട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും -പി.വി. അൻവർ
text_fieldsമലപ്പുറം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് മതേതര ജനാധിപത്യ ശക്തികൾ നേതൃത്വം കൊടുക്കേണ്ടതെന്ന് പി.വി. അൻവർ എം.എൽ.എ.
ഇവിടെ പ്രധാനമായും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. ഇത്തവണ സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി മുന്നണി. സംസ്ഥാന നേതാവ് സുരേന്ദ്രനെവരെ അവർ ആലോചിക്കുന്നത് ഇവിടെ ജയിക്കുമെന്ന ഉറപ്പുള്ളതിനാലാണ്. അതിനാൽ
യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരിന്റെ ഫലം അനുഭവിക്കാൻപോകുന്നത് ബി.ജെ.പിയായിരിക്കും. ഈ രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിക്കാൻ ശ്രമിച്ചാൽ ബി.ജെ.പിക്ക് വളരെ ഈസിയായി പാലക്കാട് ചുരം കടക്കാൻ കഴിയുമെന്നും അൻവർ ചൂണ്ടിക്കാട്ടി.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും കോൺഗ്രസും പരസ്പരം ആലോചിച്ച് ഇവിടെ ഒരു പൊതു സ്ഥാനാർഥിയെ നിർത്തി സംഘപരിവാരത്തിന്റെ ജയത്തെ തടയിടുകയാണ് വേണ്ടത്. ഇത് അഖിലേന്ത്യാടിസ്ഥാനത്തിൽ മതേതര കക്ഷികൾക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ആശ്വാസം നൽകുന്ന വാർത്തയായിരിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് കൊടുക്കുകയെന്നത് കേരളത്തിന്റെ മതേതര പുരോഗമന പാരമ്പര്യത്തിന് കളങ്കവുമായിരിക്കും. രണ്ട് മുന്നണികളും തമ്മിൽ കൂടിയാലോചിച്ച് ഇക്കാര്യത്തിൽ വളരെ പെട്ടെന്നു തന്നെ തീരുമാനമെടുക്കണം. അല്ലെങ്കിൽ തൃശൂർ ഇവിടേയും ആവർത്തിക്കുമെന്നും പി.വി. അൻവർ മുന്നറിയിപ്പ് നൽകി. അത്തരമൊരു നീക്കമുണ്ടായാൽ ഡി.എം.കെ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ഇൻഡ്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.