അൻവർ പുറത്തിറങ്ങിയത് 20 മിനിറ്റിലെ നടപടികൾക്കൊടുവിൽ
text_fieldsകുറ്റിപ്പുറം: കോടതി രേഖകൾ സമർപ്പിച്ച് പി.വി. അൻവർ എം.എൽ.എക്ക് ജയിൽ മോചിതനാകാൻ വേണ്ടിവന്നത് 20 മിനിറ്റ്. തിങ്കളാഴ്ച രാത്രി 8.27 ഓടെയാണ് എം.എൽ.എയെ തവനൂർ സെൻട്രൻ ജയിലിൽ നിന്ന് വിട്ടയച്ചത്. സാധാരണ രാത്രി ഏഴു വരെയാണ് ജാമ്യം ലഭിച്ചവരെ വിട്ടയക്കാറുള്ളത്. എന്നാൽ, ജാമ്യരേഖകൾ മെയിലിൽ ലഭിച്ചതിനാൽ പി.വി. അൻവറിന് ഒമ്പതു വരെ സമയം നീട്ടി നൽകി.
വൈകീട്ട് 6.08ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 7.55 നാണ് ജാമ്യരേഖകളുമായി ഡി.എം.കെ പ്രവർത്തകർ തവനൂരിലെത്തിയത്. ഹർഷാരവങ്ങളോടെ മുദ്രാവാക്യം മുഴക്കിയും പൊന്നാട അണിയിച്ചുമാണ് എം.എൽ.എയെ പ്രവർത്തകർ സ്വീകരിച്ചത്.
പി.വി. അൻവർ തിങ്കളാഴ്ച രാത്രി 11.30ഓടെ ഒതായിയിലെ വീട്ടിലെത്തി. നിരവധി പേരാണ് സ്വീകരിക്കാൻ സ്ഥലത്തെത്തിയിരുന്നത്. ഇടതുപക്ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നെന്ന് മനസ്സിലാക്കിയപ്പോഴാണ് താൻ ഇടതുപക്ഷം വിട്ടതെന്നും കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒതായിയിലെ വീട്ടിൽ വാർത്താസമ്മേളനത്തിൽ പറയാമെന്നും അൻവർ പറഞ്ഞു.
ഇനി ഒറ്റയാൾ പോരാട്ടമല്ലെന്നും ‘പിണറായിസ’ത്തെ താഴെയിറക്കുകയാണ് ഒരേയൊരു ലക്ഷ്യമെന്നും പി.വി. അൻവർ ജയിലിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫുമായി കൈകോർത്ത് മുന്നോട്ടുപോകും. ഇനി കൂട്ടായ പോരാട്ടമാണ്. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല. സാഹചര്യത്തിനനുസരിച്ച് മാറും. ശത്രുവിനെ തകർക്കുകയാണ് ലക്ഷ്യം. അതിന് സാധ്യമായ മാർഗങ്ങളെല്ലാം നോക്കും.
ദൈവത്തിന് സ്തുതി, തനിക്ക് പിന്തുണ നൽകിയ യു.ഡി.എഫിന് നന്ദി. പാണക്കാട് സാദിഖലി തങ്ങൾക്കും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രത്യേകം നന്ദി പറയുന്നു. വി.ഡി. സതീശനുമായി ഭിന്നതയില്ല. അദ്ദേഹവുമായി സഹകരിച്ചുപോകും.
പിണറായിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ സമരം ശക്തമാക്കും. മലയോര മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി, ക്രൈസ്തവ പുരോഹതന്മാരുമായി ചേർന്നുള്ള പോരാട്ടം തുടരും. വനനിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം ചെറുക്കുെമന്നും പി.വി. അൻവർ പറഞ്ഞു.
നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് തകർത്ത സംഭവത്തില്‍ റിമാൻഡിലായിരുന്ന പി.വി. അൻവർ എം.എൽ.എക്ക് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഞായറാഴ്ച അർധരാത്രി 12 ഓടെയാണ് പി.വി. അൻവറിനെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. തുടർന്ന് 2.30 ഓടെ തവനൂർ ജയിലിലെത്തിച്ചു. 18 മണിക്കൂർ കഴിഞ്ഞാണ് മോചിതനായത്.
പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് തിങ്കളാഴ്ച വൈകീട്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ മറ്റ് പ്രതികൾ കൂടിയുണ്ടെന്നും അവരെ തിരിച്ചറിയണമെങ്കിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നുമാണ് പൊലീസ് ആവശ‍്യപ്പെട്ടത്. എന്നാൽ, ഞായറാഴ്ച ഉച്ചക്ക് 12ന് കേസിലെ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ‍്യം ചെയ്യാനുള്ള സമയം ലഭിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
എന്നാൽ, പ്രത‍്യേക ക്രമസമാധാന സാഹചര്യമായിരുന്നതിനാൽ കസ്റ്റഡിയിലുള്ളവരെ ചോദ‍്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വാദിഭാഗം അറിയിച്ചു. ജാമ‍്യാപേക്ഷ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പരിഗണിച്ച കോടതി വിധി പറയാൻ വൈകീട്ട് അഞ്ചിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 4.55നാണ് ജാമ‍്യം നൽകിയത്.
പി.വി. അൻവറിന്‍റെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയാണ് ഞായറാഴ്ച രാത്രി ഡിവൈ.എസ്.പി. ബാലചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡി.എഫ്.ഒ ഓഫിസ് ആക്രമണത്തിൽ 11 പേർക്കെതിരെയാണ് കേസ്. ഇതിൽ അൻവർ ഉൾപ്പെടെ അഞ്ച് പേരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.