Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീപന്തമായി അൻവറിന്റെ...

തീപന്തമായി അൻവറിന്റെ ആരോപണങ്ങൾ

text_fields
bookmark_border
തീപന്തമായി അൻവറിന്റെ ആരോപണങ്ങൾ
cancel

മലപ്പുറം: രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഇടഞ്ഞ അൻവറിനെ വർഗീയവാദിയും തീവ്രവാദിയുമാക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെ വിവാദ പരാമർശങ്ങളടങ്ങിയ മുഖ്യമന്ത്രിയുടെ അഭിമുഖം പാർട്ടിയെ വെട്ടിലാക്കി. സി.പി.എമ്മിനെ തിരിച്ചടിക്കാൻ അൻവറിന് കിട്ടിയ വടിയായി മാറി പിണറായി വിജയന്റെ പേരിൽ ഹിന്ദുപത്രത്തിൽ വന്ന അഭിമുഖം. ഇതിന്റെ പേരിൽ സംസ്ഥാനമൊട്ടാകെയും പ്രത്യേകിച്ച് മലപ്പുറവും പ്രതിഷേധക്കൊടുങ്കാറ്റിലാണ്.

ആർ.എസ്.എസിനെ പ്രീണിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാമർശങ്ങളെന്നാണ് പ്രതിഷേധിക്കുന്നവർ ഊന്നിപ്പറയുന്നത്. തന്റെ നിലപാട്മാറ്റം ആർ.എസ്.എസിനെ അറിയിക്കാനാണ് പിണറായി വിജയൻ അഭിമുഖം ദേശീയപത്രത്തിന് നൽകിയതെന്ന ആരോപണം അൻവർ ഇന്നലെ തന്നെ ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്ന വിവാദമാണ് പിന്നീട് ഉണ്ടായത്.

അഭിമുഖം പത്രം വളച്ചൊടിച്ചു എന്ന് പറഞ്ഞതോടെ പി.ആർ. ഏജൻസിയുടെ ഇടപെടലിലൂടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും അഭിമുഖത്തിൽ കയറിയതെന്ന വെളിപ്പെടുത്തലുണ്ടായി. ഇതോടെ വിവാദം കൂടുതൽ സങ്കീർണമായി. അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അൻവർ പറയുന്നത് ശരിവെക്കുകയല്ലാതെ നിർവാഹമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെ അനുകൂലിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിവിധ ഗ്രൂപുകളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. സർക്കാറിനെതിരെ ആഞ്ഞടിക്കാൻ കിട്ടിയ അവസരങ്ങളിൽ നിസ്സംഗത പുലർത്തുന്ന മുസ്‍ലിം ലീഗിനും രംഗത്തിറ​ങ്ങേണ്ടി വന്നു. വർഗീയവാദം ആരോപിച്ച് അൻവറിനെ പ്രതിരോധത്തിലാക്കിയ സി.പി.എമ്മിനെ തിരിച്ചടിക്കാൻ അദ്ദേഹത്തിന് കിട്ടിയ മികച്ച വടിയായിരിക്കയാണ് മുഖ്യമന്ത്രിയുടെ തീവ്രവാദ ചാപ്പ കുത്തൽ. പിണറായിയുടെ പേരിൽ അച്ചടിച്ചുവന്ന മലപ്പുറം വിരുദ്ധ പ്രസ്താവന ദീർഘകാലം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും എന്നാണ് വിലയിരുത്തൽ.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ലൗ ജിഹാദ് പ്രസ്താവനയും മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനം വർധിപ്പിക്കുന്നതെന്നുമുള്ള പ്രസ്താവനകൾ ഇന്നും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാറുണ്ട്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും സംഘ് പരിവാർ പ്രീണനത്തിന്റെ ഭാഗമാണെന്ന വിമർശനമുയർന്നിരുന്നു. മലപ്പുറം വിരുദ്ധപരാമർശത്തിലൂടെ സംഘ്പരിവാർവാദം ഏറ്റെടുത്തിരിക്കയാണ് മുഖ്യമന്ത്രി എന്നാണ് വിമർശനം വരുന്നത്.

പി.വി. അൻവറിനെതിരെ കഴിഞ്ഞയാഴ്ച മുഖ്യമ​ന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലും മലപ്പുറം സ്വർണക്കടത്തിന്റെ ഹബ്ബാണെന്ന ആരോപണം ഉണ്ടായിരുന്നു. അൽപം കടന്നാണ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വന്നിരിക്കുന്നത്. മലപ്പുറത്ത് വരുന്ന സ്വർണവും ഹവാലപണവും തീവ്രവാദ ദേശവിരുദ്ധ പ്രവർത്താനങ്ങൾക്കുള്ളതാണെന്ന പരാമർശമാണ് ഏറ്റവും പുതിയ വിവാദങ്ങൾക്കിടയാക്കിയിരിക്കുന്നത്. അത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായുള്ള ​​കൂട്ടിച്ചേർക്കലാണെങ്കിൽ അൻവറിന്റെ ആരോപണങ്ങൾ ശരിക്കും തീപന്തമായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMPV Anvar
News Summary - PV Anvar's allegations against cpm
Next Story