‘മലപ്പുറം വിഭജിച്ച് പുതിയ ജില്ല, പ്രവാസികൾക്കായി പദ്ധതികൾ’; നയം വ്യക്തമാക്കി അൻവറിന്‍റെ ഡി.എം.കെ
text_fieldsമഞ്ചേരി: ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിച്ച് പി.വി അൻവർ എം.എൽ.എ. മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിൽ ഇന്ന് വൈകീട്ട് നടന്ന പൊതുസമ്മേളനത്തിലാണ് സംഘടനയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഴുവൻ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി, വിശ്വാസ സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റം എന്നിവയാണ് ഡി.എം.കെ എന്ന സംഘടന ലക്ഷ്യമിടുന്നത്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കും. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാട് മുന്നോട്ടുവെക്കും. ജാതി സെൻസസ് നടത്തണം, പ്രവാസികൾക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ ഇ ബാലറ്റ് സംവിധാനം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം, മലപ്പുറം ജില്ല വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം എന്നിവയാണ് പ്രധാനമായും ഡി.എം.കെ മുന്നോട്ടുവെക്കുന്നത്.
വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതിത്തള്ളണം, സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം, തിരികെ എത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആരംഭിക്കും, വിദ്യാഭ്യാസം സൗജന്യമാക്കണം, മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം, വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം, തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം, അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പാസ്, വയോജന ക്ഷേമ നയം നടപ്പാക്കണം.
ചെറുകിട കച്ചവടം പ്രോത്സാഹിപ്പിക്കണം, വന്യജീവികളെ നേരിടുന്നതിന് കേസെടുക്കണം, നഷ്ടപരിഹാരം വർധിപ്പിക്കണം, വൈദ്യുതിവേലികൾ നിർബന്ധമാക്കുക, വെള്ളപ്പൊക്കം തടയാൻ ഉടൻ നടപടി വേണം, തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം, വനിത പ്രാതിനിധ്യ ബിൽ നടപ്പിലാക്കണം, പി.എസ്.സി പെൻഷൻ അവസാനിപ്പിക്കണം, മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പാടില്ല, വിദ്യാഭ്യാസം സൗജന്യമാക്കും, സ്കൂൾ സമയം എട്ടുമുതൽ ഒരു മണി വരെയാക്കണം.
വയോജന വകുപ്പ് രൂപീകരിക്കണം, തീരദേശ അവകാശ നിയമം പാസാക്കണം, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം, നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ, പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം, റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം, തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ–ഫാം ടൂറിസത്തിനായി നിയമഭേദഗതി, ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം, വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം, സഹകരണ സംഘങ്ങളിൽ പാർട്ടി നിയമനങ്ങൾ അവസാനിപ്പിക്കും.
ലഹരിക്കെതിരെ ഗ്രാമതലത്തിൽ അധികാരമുള്ള ജനകീയ സംവിധാനം, രണ്ട് എഫ്.ഐ.ആറുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തത്സ്ഥാനത്ത് നിന്ന് മാറ്റണം, അസ്വാഭാവികമല്ലാത്ത അപകട മരണങ്ങളിൽ കുടുംബം ആവശ്യപ്പെട്ടാൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കണം, ശബരിമലയുടെയും വഖഫ് ബോർഡിന്റെയും ഭരണം അതാത് മതവിശ്വാസികൾ അല്ലാത്തവർ നിയന്ത്രിക്കുന്നത് അടിയന്തരമായി മാറ്റണം, കായിക സർവകലാശാല നടപ്പിലാക്കണം -എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.