അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഞായറാഴ്ച
text_fieldsമലപ്പുറം: പൊലീസിനും ഇടതു ഭരണകൂടത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തി എൽ.ഡി.എഫിൽനിന്ന് പുറത്തുപോയ പി.വി. അൻവർ എം.എൽ.എ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു. പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കും. ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പരിപാടി.
മഞ്ചേരിയിലെ ജസീല ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും നടക്കും. താനായിട്ട് ഒരു പാർട്ടിയുണ്ടാക്കില്ലെന്നും എന്നാൽ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഒരു പാർട്ടിയായി മാറിയാൽ അതിനു പിന്നിൽ ഉണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അൻവർ പറഞ്ഞത്.
കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ സ്വർണക്കടത്ത് നടക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി, ആ സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത് എന്ന് അന്വേഷിക്കാൻ താൽപര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് പി.വി. അൻവർ എം.എൽ.എ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ ആരാണ് ഈ സ്വർണം കൈപ്പറ്റുന്നത് എന്ന് പൊലീസിന് എളുപ്പത്തിൽ അന്വേഷിച്ച് കണ്ട് പിടിക്കാമല്ലോ. എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്. സ്വർണക്കടത്തിൽ കാരിയർമാരായി പിടിക്കപ്പെടുന്ന, വിദേശത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാക്കളിൽ അന്വേഷണം അവസാനിപ്പിക്കാതെ ആ സ്വർണം ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണം -അൻവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.