അൻവറിന്റെ യു.ഡി.എഫ് പ്രവേശനം: ആദ്യ റൗണ്ട് അനുകൂലം; കടമ്പകൾ ബാക്കി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിൽ ചേക്കേറാൻ കരുക്കൾ നീക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന് ആദ്യ റൗണ്ടിൽ കാര്യങ്ങൾ അനൂകൂലം. നേരത്തേ അൻവറിനോട് മുഖംതിരിച്ചുനിന്ന കോൺഗ്രസ് നേതൃത്വം ചർച്ചയാകാമെന്ന നിലയിലേക്ക് മയപ്പെട്ടു. മുസ്ലിം ലീഗ് അൻവറിനെ എടുക്കാമെന്ന നിലപാടിലാണ്. സി.എം.പി പിന്തുണ പരസ്യമാക്കി. എതിരഭിപ്രായം പറഞ്ഞത് ആർ.എസ്.പി മാത്രം. അപ്പോഴും യു.ഡി.എഫിലെത്താൻ അൻവറിന് മുന്നിൽ വലിയ കടമ്പകളായി പ്രധാനമായും മൂന്ന് വിഷയങ്ങളുണ്ട്.
മുഖ്യവിഷയം നിലമ്പൂർ സീറ്റ് തന്നെ. അടുത്ത തവണ അവിടെ യു.ഡി.എഫ് ടിക്കറ്റ് അൻവറിന് കിട്ടണമെങ്കിൽ സീറ്റിൽ കണ്ണുവെച്ചിരിക്കുന്ന ആര്യാടൻ ഷൗക്കത്തിനെ മാറ്റിനിർത്തണം. ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ മണ്ഡലത്തിൽ മകനെ തഴയുക കോൺഗ്രസ് നേതൃത്വത്തിന് അത്ര എളുപ്പമല്ല. അൻവറിനെതിരെ തുറന്നടിച്ച് ആര്യാടൻ ഷൗക്കത്ത് ചൊവ്വാഴ്ച ആദ്യവെടി പൊട്ടിക്കുകയും ചെയ്തു. നിലമ്പൂർ സീറ്റ് മോഹം അൻവർ ഉപേക്ഷിക്കുകയാണ് മറ്റൊരു പരിഹാരം. യു.ഡി.എഫിൽ ചേരാൻ ഉപാധിയായി പഞ്ചായത്ത് മെംബർ പദവിപോലും വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ തീരുമാനിക്കാൻ അൻവറിനുമാവില്ല. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ ചികഞ്ഞ വാവിട്ട വാക്ക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ 150 കോടി അഴിമതിയാരോപണം എന്നിവയാണ് അൻവറിന് മുന്നിലെ മറ്റ് കടമ്പകൾ. അറസ്റ്റിനു ശേഷം ജാമ്യത്തിലിറങ്ങിയ അൻവർ, വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ച് മഞ്ഞുരുക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ മാപ്പുപറഞ്ഞാൽ അക്കാര്യത്തിൽ കോൺഗ്രസുകാരുടെ അരിശം അടങ്ങിയേക്കും. എന്തു വിട്ടുവീഴ്ചക്കും തയാറെന്നതാണ് അൻവറിന്റെ ഇപ്പോഴത്തെ നിലപാട്. കാരണം, ഡി.എം.കെ രൂപവത്കരണവും പല തലത്തിലുള്ള സഖ്യ ചർച്ചകളുമൊക്കെയായി രാഷ്ട്രീയഭാവി ചോദ്യച്ചിഹ്നമായിരിക്കെയാണ് അൻവറിന്റെ അപ്രതീക്ഷിത അറസ്റ്റ്. സ്വാഭാവികമായും കോൺഗ്രസ് നേതാക്കൾ സർക്കാറിനെതിരെ രംഗത്തുവന്നപ്പോൾ അത് അൻവർ രണ്ടാം വരവിനുള്ള അവസരമാക്കി. പാണക്കാട് തങ്ങളെ സന്ദർശിച്ചും വിരോധം മാറ്റിവെച്ച് വി.ഡി. സതീശനെ അങ്ങോട്ടുബന്ധപ്പെട്ടും അൻവർ മുൻകൈയെടുത്ത സാഹചര്യത്തിൽ മുന്നണി വിപുലീകരണം ചർച്ചയാകുമ്പോൾ അൻവറിനെ അവഗണിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിയില്ല.
കോൺഗ്രസിൽനിന്ന് 2011ൽ ഇടതുപക്ഷത്തേക്ക് ചുവടുമാറിയ അൻവറിന്റെ തിരിച്ചുവരവിൽ കോൺഗ്രസിൽ ആദർശ പ്രശ്നങ്ങളില്ല. അതേസമയം, ഇടതുപക്ഷത്തായിരിക്കെ, സാക്ഷാൽ പിണറായി വിജയനെ വെല്ലുവിളിച്ച തന്റേടി യു.ഡി.എഫിലും അത് ആവർത്തിക്കുമോയെന്ന ആശങ്ക ഒരുവിഭാഗം കോൺഗ്രസുകാർക്കുണ്ട്. അൻവറിനെ എടുക്കുന്നുവെങ്കിൽ അത് അയാളുടെ കൊമ്പ് ഒടിച്ചശേഷം മതിയെന്നതാണ് അവരുടെ നിലപാട്. അൻവർ ആദ്യം മാപ്പുപറയട്ടെ എന്നതുൾപ്പെടെ കോൺഗ്രസിലെ യുവ നേതാക്കളുടെ നിലപാട് അതിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.