പി.വി. അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ്: അന്വേഷണ മേല്‍നോട്ടം മഞ്ചേരി കോടതിക്ക്
text_fieldsമഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കി.
ഹൈകോടതി ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്തില്ലെന്നും വ്യാജ രേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം നടുത്തൊടി സ്വദേശി സലീം സമര്‍പ്പിച്ച ഹരജിയിലാണ് മജിസ്ട്രേറ്റ് എസ്. രശ്മിയുടെ ഉത്തരവ്.
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് 26ന് സമര്‍പ്പിക്കാനും തുടര്‍ന്ന് എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കാനും അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.
ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ കെ.ഇ സ്റ്റോണ്‍സ് ആൻഡ് ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഓഹരിയും പ്രതിമാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്ന് പറഞ്ഞ് സലീമില്‍നിന്ന് പി.വി. അൻവർ 50 ലക്ഷം തട്ടിയെടുത്തെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.