‘അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കും’; സി.പി.എമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ
text_fieldsചുങ്കത്തറ (മലപ്പുറം): സി.പി.എമ്മിനെതിരെ ഭീഷണിപ്രസംഗവുമായി തൃണമൂല്‍ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അന്‍വര്‍. തന്നെയോ യു.ഡി.എഫ് പ്രവർത്തകരെയോ ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ച് പൊട്ടിക്കുമെന്നും മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സി.പി.എം നേതാക്കൾക്കുള്ള സൂചനയാണിതെന്നും അന്‍വര്‍ പറഞ്ഞു.
ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ ഇടത് ഭരണസമിതിക്കെതിരെ നടന്ന അവിശ്വാസപ്രമേയം പാസായ ശേഷം യു.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ഭീഷണിപ്രസംഗം. പ്രവർത്തകരെ മദ്യം കൊടുത്തുവിടുന്ന നേതാക്കളോട് പറയുകയാണ്, നിങ്ങൾ മദ്യവും മയക്കുമരുന്നും കൊടുത്ത് യു.ഡി.എഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തല പൊട്ടിക്കും. നിങ്ങൾ ആക്രമിച്ച് ഒരുപാടാളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാനാണ് പഠിച്ചത്.
നിലമ്പൂരില്‍ ഇന്നുള്ളത് കുഞ്ഞാലിയുടെ സി.പി.എമ്മല്ല, മറിച്ച് പിണറായിയുടെ സി.പി.എമ്മാണ്. കുഞ്ഞാലി നയിച്ച സി.പി.എം തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പാര്‍ട്ടിയായിരുന്നു. കേരളത്തില്‍ മയക്കുമരുന്ന് വളരാന്‍ കാരണം പിണറായിയുടെ പാര്‍ട്ടി അവരുടെ അഭയകേന്ദ്രമായി മാറിയതിനാലാണെന്നും അന്‍വര്‍ പറഞ്ഞു.
ചുങ്കത്തറയില്‍ പഞ്ചായത്ത് രാജ് നിയമപ്രകാരം ഒരംഗത്തിന്റെ അവകാശം മാത്രമാണ് വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ വിനിയോഗിച്ചത്. ഇതിന് എന്തിനാണ് സി.പി.എമ്മിന് ഇത്ര പൊള്ളുന്നത്. അവരുടെ അവകാശം ഉപയോഗിച്ചതിന് ചാണകവെള്ളം തളിക്കേണ്ട കാര്യമില്ല.
മുമ്പ് പോത്തുകല്ലിലും, അമരമ്പലത്തും, ചുങ്കത്തറയിലും യു.ഡി.എഫ് ഭരണത്തെ അട്ടിമറിച്ച് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ ചാണകവെള്ളം തളിച്ചോ. അന്‍വറിന്റെ പിറകെ നടന്നാല്‍ നിന്നെയും നിന്റെ കുടുംബത്തെയും ശരിയാക്കുമെന്ന് വൈസ് പ്രസിഡന്റ് നുസൈബ സുധീറിന്റെ ഭര്‍ത്താവിന് എടക്കര ഏരിയ സെക്രട്ടറി ശബ്ദസന്ദേശം അയച്ചിട്ടുണ്ടെന്നും ഇത്തരം ഭീഷണി വേണ്ടെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് ഏറെ നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നേരത്തെ യു.ഡി.എഫിന്റെ ഭരണം എൽ.ഡി.എഫിന് പിടിച്ചുവാങ്ങിക്കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽ.ഡി.എഫിന്റെ ഭരണം യു.ഡി.എഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് അൻവർ. ഇതിന് പിന്നാലെയാണ് ഈ പ്രസംഗം. ഇതിനിടെ, അൻവർ നൽകിയ 35 ലക്ഷം നൽകിയാണ് എൽ.ഡി.എഫ് അംഗം കൂറുമാറിയതെന്ന് സി.പി.എം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.