പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം ആരംഭിച്ച് പി.വി അൻവർ എം.എൽ.എ
text_fieldsമലപ്പുറം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ച് പി.വി അൻവർ എം.എൽ.എ.
ഡെമോക്രാറ്റിക് മൂവ്മന്റെ് ഓഫ് കേരള(ഡി.എം.കെ)യുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്കായിരിക്കുമെന്നും കേന്ദ്രസർക്കാരിനെതിരായ വിലയിരുത്തൽകൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പി.വി അൻവർ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. പ്രിയങ്കയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.എം.കെയുടെ പേരിലുള്ള പോസ്റ്ററും അൻവർ പങ്കുവെച്ചു.
അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി അൻവർ യു.ഡി.എഫുമായി വിലപേശൽ തുടരുരകയാണ്. ഇൻഡ്യ മുന്നണിയുടെ പേരിൽ ഒരു പൊതു സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കാമെന്നാണ് അൻവറിന്റെ വാദം.
പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'വയനാട് പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് ഡിഎംകെ നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നു.
രാജ്യംഭരിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെയൊക്കെ അവർക്കെതിരായി നിൽക്കുന്നവരോടൊപ്പം നിൽക്കുക എന്നതായിരിക്കും എല്ലാ ജനാധിപത്യ വിശ്വാസികളുടേയും നിലപാട്. അതിൽനിന്നും വേറിട്ടൊരു നിലപാട് ഡി.എം.കെയ്ക്കും ഇല്ല. അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്കായിരിക്കുമെന്നു പറയുന്നതിൽ അഭിമാനമുണ്ട്.
ഇന്ത്യയാകെ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങളും ജനവിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങളും ഇന്ത്യയിലെ ജനജീവിതം അത്യന്തം ദുസ്സഹമാക്കിയിരിക്കുകയാണ്.
മുണ്ടക്കൈയിലേയും ചൂരൽമലയിലേയും ഉരുൾപ്പൊട്ടലിനെത്തുടർന്ന് ആവശ്യമായ ദുരിതാശ്വാസം നൽകുന്നതിൽനിന്ന് വിമുഖ കാണിച്ച കേന്ദ്രസർക്കാരിനെതിരായ വിലയിരുത്തൽകൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും പ്രിയങ്കാഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും വയനാട്ടിലെ വോട്ടർമാരോട് അഭ്യർഥിക്കുന്നു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.