കക്കാടംപൊയിൽ പാർക്കിന് അനുകൂലമായി കലക്ടറുടെ റിപ്പോർട്ട്
text_fieldsകോഴിക്കോട്: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീം പാർക്കിൽ കെട്ടിട നിർമാണച്ചട്ടം ലംഘിച്ച ചില നിർമാണങ്ങളൊഴിച്ചാൽ മറ്റു നിയമ ലംഘനങ്ങളില്ലെന്ന് ജില്ല കലക്ടറുടെ റിപ്പോർട്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടുകളിലെല്ലാം നിയമാനുസൃതമായാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
അനുമതി വാങ്ങിയതിൽനിന്ന് വ്യത്യസ്തമായി ചില നിർമാണ പ്രവൃത്തികളുണ്ടായിട്ടുണ്ട്. കോഫിഷോപ് നിർമിച്ചതിലും സെക്യൂരിറ്റി കെട്ടിടത്തോട് ചേർന്ന് താൽക്കാലിക മേൽക്കൂരയിൽ സ്ഥാപിച്ച കെട്ടിട നിർമാണത്തിലും ചട്ടലംഘനമുണ്ട്. അംഗീകൃത പ്ലാനിൽനിന്നുള്ള വ്യതിചലനങ്ങൾ ഉൾക്കൊള്ളിച്ച് പുനർനിർമാണം നടത്തുക, നിയമാനുസൃതമല്ലാത്തവ പൊളിച്ചുമാറ്റുക എന്നീ നിർദേശങ്ങളാണ് കലക്ടറുടെ റിപ്പോർട്ടിലുള്ളത്. ഇൗ പ്രശ്നങ്ങൾ പരിഹരിച്ചാൽ മറ്റു നിയമ ലംഘനങ്ങളില്ലെന്ന് സൂചിപ്പിക്കുന്നതാണ് വിവിധ വകുപ്പുകളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കലക്ടർ തയാറാക്കിയ റിപ്പോർട്ടിെൻറ സംഗ്രഹം.
കക്കാടംപൊയിലിലെ പാർക്കിനോട് ചേർന്ന് വനഭൂമിയുള്ളതിനാൽ ഇതുസംബന്ധിച്ച് വനംവകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. വനഭൂമിയുടെ പുറത്താണ് പാർക്കെന്നും വനത്തിനും ജീവികൾക്കും പാർക്ക് ദോഷകരമല്ലെന്നുമായിരുന്നു അവരുടെ റിപ്പോർട്ട്. പാർക്ക് ദുരന്ത സാധ്യതമേഖലയിൽ ഉൾപ്പെടുന്നില്ലെന്ന് ദുരന്തനിവാരണ െഡപ്യൂട്ടി കലക്ടർ വ്യക്തമാക്കി. പാർക്ക് സ്ഥിതിചെയ്യുന്ന മൂന്ന് ഏക്കർ സ്ഥലത്ത് ഭൂമിയുടെ സ്വാഭാവികത തരം മാറ്റാതെയാണ് െറെഡുകൾ സ്ഥാപിച്ചതെന്നും പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമുണ്ടാക്കിയില്ലെന്നും എൽ.ആർ െഡപ്യൂട്ടി കലക്ടർ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പുറേമ്പാക്ക് ഭൂമിയിലോ കൈയേറ്റ ഭൂമിയിലോ അല്ല പാർക്ക് സ്ഥാപിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളിൽനിന്നും അനുമതി ലഭിച്ച ശേഷമാണ് ഭരണസമിതി െഎകകണ്ഠ്യേന ലൈസൻസ് നൽകിയതെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വിശദീകരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് 2020 മാർച്ച് വരെ പ്രവർത്തിക്കാനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. പഞ്ചായത്ത് രൂപവത്കരിച്ച ഉപസമിതി പാർക്ക് നാടിെൻറ വികസനത്തിന് ഗുണകരമായതിനാൽ ലൈസൻസ് നൽകാൻ ശിപാർശ ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കി.
പി.വി. അൻവർ മാനേജിങ് പാർട്ണറും ഭാര്യ ഹഫ്സത്ത് പാർട്ണറുമായാണ് വാട്ടർതീം പാർക്ക് സ്ഥാപിച്ചത്. വ്യാപക നിയമ ലംഘനമുണ്ടെന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് കലക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതുപ്രകാരം എ.ഡി.എം കൺവീനറും വിവിധ വകുപ്പു മേധാവികൾ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഭൂപരിഷ്കരണ നിയമം ലംഘിച്ചെന്ന് കോഴിക്കോട് കലക്ടറും
കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ ഭൂപരിഷ്കരണ നിയമം ലംഘിച്ചു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെക്കുന്നതായി കണ്ടെത്തിയതിനാൽ ഇതുസംബന്ധിച്ച കേസ് നടപടികളുമായി മുന്നോട്ടുപോകാൻ നിർദേശം നൽകിയതായി ജില്ല കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.
പി.വി. അൻവർ ഭൂപരിഷ്കരണ നിയമം ലംഘിച്ചതായി നേരത്തേ മലപ്പുറം കലക്ടറും റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ കേസ് നടപടികൾ നടക്കുന്നുണ്ടെന്നിരിക്കെ ഇതുസംബന്ധിച്ച കോഴിക്കോട് കലക്ടറുടെ പുതിയ നിർദേശം പാർക്ക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.