വന്യജീവികളാൽ മനുഷ്യർ കൊലചെയ്യപ്പെടുമ്പോൾ കോഴിക്കോട്ടെ ഒരു മന്ത്രി ഫാഷൻ ഷോയിലാണെന്ന് പി.വി. അൻവർ
text_fieldsപി.വി അൻവർ
നിലമ്പൂർ: വന്യജീവികളാൽ മനുഷ്യർ കൊലചെയ്യപ്പെടുമ്പോൾ കോഴിക്കോട്ടെ ഒരു മന്ത്രി ഫാഷൻ ഷോയിലാണെന്ന് മുൻ എം.എൽ.എ പി.വി അൻവർ. യു.ഡി.എഫിന്റെ മലയോര സമര യാത്രയില്‍ സൗഹാർദ്ധ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അൻവർ.
ഈ നാട്ടിൽ എങ്ങനെയെങ്കിലും ജീവിക്കണമെന്നത് കൊണ്ടാണ് ഈ നട്ടുച്ചയിലും സ്ത്രീകളുൾപ്പെടെ ജാഥയുടെ ഭാഗമാകുന്നത്. വന്യമൃഗ ഭീഷണി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യമില്ലാത്തവരിൽ ഒന്നാമൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമൻ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം അത്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ്. നാലുദിവസം മുൻപ് രാധയെ കൊന്ന കടുവയെ തെരഞ്ഞ് ജനങ്ങൾ മുഴുവൻ കാട്ടിൽ തിരച്ചിൽ നടത്തുമ്പോൾ ലോകചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഒരു മന്ത്രി കോഴിക്കോട്ട് കടപ്പുറത്ത് പാട്ടുപാടുകയായിരുന്നു. ഏതാ സദസ് എന്നറിയാമോ? ഫാഷൻ ഷോയാണതെന്ന് മനസിലാക്കണം.
75 വയസായിട്ടും ഫാഷൻ ഷോയിൽ പോയി പാട്ടുപാടുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മന്ത്രി തരം താണിരിക്കുന്നു. നമ്മൾ പാട്ട് വെക്കാറുണ്ട്. അത്, ഈ നാട്ടിലെ പാവങ്ങളെ സഹായിക്കാൻ വേണ്ടിയാണ്. ബിരിയാണി ചലഞ്ച് നടത്താറുണ്ട്്. ജനങ്ങളെ സഹായിക്കാൻ വേണ്ടി അത്തരത്തിലുള്ള ജനകീയമായ കാര്യങ്ങൾ നടത്താറുണ്ട്. ഞാനടക്കമുള്ള ഇവിടെ, പലരും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ചടങ്ങിലല്ല ഇത്.
ഏതോ വിദേശത്തുള്ള കമ്പിനിക്ക് വേണ്ടിയുള്ളതാണ് ആ ഫാഷൻ ഷോ. ഈ നാട്ടിലെ മനുഷ്യർ കാട്ടുമൃഗങ്ങളെ ഭയന്ന് കഴിയുമ്പോഴാണിത്. ഇതിൽ നിന്നും ഈ വിഷയത്തിൽ ഈ സർക്കാറിന്റെ നിലപാടെന്തെന്നാണെന്ന് വ്യക്തമാണ്. സർക്കാറിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. എനിക്ക് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരോട് പറയാനുള്ളത്. ഇവിടെയൊരു നിയമമുണ്ടോയെന്നാണ്. ഇനി വരാനിരിക്കുന്ന യു.ഡി.എഫ് ഗവൺമെന്റ് ഏറ്റെടുക്കേണ്ട ഏറ്റവും വലിയ വിഷയമിതാണ്. യു.ഡി.എഫ് വരുമെന്ന കാര്യത്തിൽ തർക്കമില്ല.
കേന്ദ്ര വനനിയമത്തിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇവിടുത്തെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിർബന്ധിപ്പിക്കണം. കേന്ദ്ര നിയമത്തിൽ പ്രശ്നങ്ങളുണ്ട്. ഈ വിഷയത്തിൽ കേരളത്തിൽ മുഴുവൻ എം.പിമാരും ഇടപെടണം. രാജ്യത്തെ 13 സംസ്ഥാനങ്ങൾ വന്യമൃഗ ഭീഷണി നേരിടുന്നുണ്ട്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നയത്തിൽ മാറ്റം വരുത്താൻ വരുന്ന യു.ഡി. എഫ് സർക്കാർ നേതൃത്വം നൽകണം. 13 സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തണം.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പാണിനി വിഷയം. കഴിഞ്ഞ മൂന്നരക്കൊല്ലമായി ആർ.എസ്.എസിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സർക്കാർ ക്ലീൻ ചിറ്റ് കൊടുത്തു. കള്ളനും പൊലീസും എല്ലാം ഒരുമിച്ച് കഴിയുകയാണ്. പിണറായിസം അവസാനിപ്പിക്കാൻ ഈ നാട് ഒരുങ്ങിക്കഴിഞ്ഞെന്നും അൻവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.