വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാതെ പി.വി അൻവർ
text_fieldsചേലക്കര: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്തസമ്മേളനം നടത്തുന്നത് വിലക്കിയ തെരഞ്ഞെടുപ്പ് കമീഷനെ അവഗണിച്ച് പി.വി. അൻവർ എം.എൽ.എ. വാർത്തസമ്മേളനത്തിനിടെ നോട്ടീസ് നൽകാനെത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഫ്ലയിങ് സ്ക്വാഡ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായ തിരുവില്വാമല കൃഷി ഓഫിസർ എം.സി. വിവേകിനെ മാധ്യമപ്രവർത്തകർക്കു മുന്നിൽ അൻവർ അവഹേളിച്ച് പറഞ്ഞയച്ചു. ചട്ടലംഘനം കമീഷന് റിപ്പോർട്ട് ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ചേലക്കരയിലെ ഹോട്ടലിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ചൊവ്വാഴ്ച രാവിലെ അൻവർ വാർത്തസമ്മേളനം നടത്തുമെന്ന് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡി.എം.കെ) മീഡിയ ഗ്രൂപ്പിലൂടെ തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. പ്രചാരണവിലക്കുള്ള ദിവസം വാർത്തസമ്മേളനം നടത്താമോയെന്ന് ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ മാധ്യമപ്രവർത്തകർ സംശയം പ്രകടിപ്പിച്ചെങ്കിലും എന്തു തടസ്സമുണ്ടായാലും നടക്കും എന്നായിരുന്നു മറുപടി. ആദ്യം പൊലീസെത്തി ഹോട്ടൽ ജീവനക്കാരോട് വാർത്തസമ്മേളനത്തിന് സൗകര്യം നൽകരുതെന്ന് ആവശ്യപ്പെട്ടു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അൻവർ ഹോട്ടലിലെത്തി കോൺഫറൻസ് ഹാളിൽ കയറി വാർത്തസമ്മേളനം തുടങ്ങി.
അതേസമയം, കമീഷന്റെ മൂന്ന് ഉദ്യോഗസ്ഥർ ഇതെല്ലാം വിഡിയോയിൽ പകർത്തുമെന്നും ഹോട്ടലിനെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. വാർത്തസമ്മേളനത്തിനിടെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എത്തി നോട്ടീസ് കൈമാറാൻ ശ്രമിച്ചു. തൊട്ടടുത്ത് നിൽക്കുന്ന ഉദ്യോഗസ്ഥനെ കുറച്ച് നേരം അവഗണിച്ചശേഷമാണ് ‘എന്താണ് പ്രശ്നം’ എന്ന് അൻവർ ചോദിച്ചത്.
വാർത്തസമ്മേളനം നടത്തുന്നതിൽ ചട്ടലംഘനമുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ‘എന്തു ചട്ടലംഘനം, നിങ്ങളുടെ ചീഫ് ഓഫിസറോട് ഇന്നലെ സംസാരിച്ചതാണല്ലോ. ഏത് ആക്ട്, ഏത് റൂൾ പ്രകാരമാണ് ലംഘനം. നിയമം കാണിക്കൂ. ഹൈകോടതിയിൽ എന്റെ അഭിഭാഷകനോട് സംസാരിച്ചതാണ്. പിണറായി വിജയൻ പറഞ്ഞിട്ട് വന്നാൽ നിങ്ങൾ വിവരമറിയും. പിണറായിയുടെ പിണിയാളാവാൻ നോക്കണ്ട’ എന്നൊക്കെയായി അൻവറിന്റെ പ്രതികരണം.
എന്തുകൊണ്ട് വാർത്തസമ്മേളനം നടത്തരുത് എന്ന് വിവരിക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അൻവർ തയാറായില്ല. നിയമത്തിൽ പറയുന്നുണ്ടെങ്കിൽ ചെറുതുരുത്തി പാലത്തിനപ്പുറം പോയി വാർത്തസമ്മേളനം നടത്തും എന്ന് അൻവർ പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടശേഷം നോട്ടീസ് നൽകി മടങ്ങി. അതേസമയം, വാർത്തസമ്മേളനത്തിൽ ചട്ടലംഘനമില്ലെന്നും അനാവശ്യ ഭീഷണിയാണെന്നും അൻവർ പറഞ്ഞു. കർശന നടപടി എടുക്കട്ടെ, അപ്പോൾ കാണാം. എൽ.ഡി.എഫ് ചട്ടം ലംഘിച്ച് നടത്തിയ ചുമരെഴുത്തിനെതിരെ പരാതി കൊടുത്തപ്പോൾ കമീഷൻ നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചട്ടം ലംഘിച്ച് വാർത്തസമ്മേളനം നടത്തിയതിനാണ് നോട്ടീസ് നൽകിയതെന്നും അത് അനുസരിക്കാതെ വാർത്തസമ്മേളനം തുടർന്ന കാര്യം കമീഷന് റിപ്പോർട്ട് ചെയ്യുമെന്നും നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാർത്തസമ്മേളനത്തിന്റെ തുടക്കത്തിൽതന്നെ കോൺഫറൻസ് ഹാളിൽ കയറിയ കമീഷന്റെ മൂന്ന് ഉദ്യോഗസ്ഥർ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പോയ ശേഷവും അവിടെ തുടരുകയും നടന്ന കാര്യങ്ങളത്രയും കാമറയിൽ പകർത്തുകയും ചെയ്തു. ചേലക്കരയിൽ നടന്ന കാര്യങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് വരണാധികാരി കൂടിയായ ജില്ല കലക്ടർ റിപ്പോർട്ട് തേടി. തെരഞ്ഞെടുപ്പ് നിരീക്ഷകനും വിഷയം പരിശോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.