പി.വി. അൻവറിന്‍റെ പാർക്കിലെ റൈഡുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്ന് പഞ്ചായത്ത്
text_fieldsകൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പി.വി.ആർ നേച്ചർ പാർക്കിലെ റൈഡുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് ഹൈകോടതിയിൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്തിന്‍റെ വിശദീകരണത്തിൽ പറയുന്നു.
കുട്ടികളുടെ പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പഞ്ചായത്ത് നൽകിയ ലൈസൻസിലെ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ ഹൈകോടതി വ്യക്തത തേടിയ സാഹചര്യത്തിലാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
അതേസമയം, വൈദ്യുതി ഉപയോഗിച്ചുള്ള റൈഡുകൾ പ്രവർത്തിപ്പിക്കുന്നില്ലെന്നും പൂന്തോട്ടം മാത്രമാണ് തുറന്നുനൽകിയതെന്നും പി.വി. അൻവർ എം.എൽ.എയും സത്യവാങ്മൂലം നൽകി.
ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് പൂട്ടിയ നേച്വർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പാർക്ക് അധികൃതരുടെ അപേക്ഷയെത്തുടർന്ന് ഫീസിനത്തിൽ കുടിശ്ശികയായ ഏഴുലക്ഷം ഈടാക്കി പാർക്കിന്‍റെ ലൈസൻസ് പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു.
ഇതിനുപുറമെ പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫിസിലും അടച്ചു. കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതിയുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.