‘പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കണ്‍ അഡ്വാന്‍സ് ആയിരുന്നു ബി.ജെ.പിക്കുള്ള ആ വോട്ട്’; സി.പി.എമ്മിനെതിരെ വിരൽ ചൂണ്ടി വീണ്ടും അൻവർ
text_fieldsനിലമ്പൂർ: സി.പി.എമ്മും ആർ.എസ്.എസും തമ്മിലെ സഹകരണത്തിലേക്ക് വീണ്ടും വിരൽ ചൂണ്ടി പി.വി അൻവർ എം.എൽ.എ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കണ്‍ അഡ്വാന്‍സ് ആയിരുന്നു 2022ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നല്‍കിയ ആ വോട്ടെന്നും ഇതൊരു അബദ്ധമായി കണ്ടുകൂടെന്നും പൊളിറ്റിക്കല്‍ നെക്‌സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
കക്ഷിരാഷ്ട്രീയം അനുസരിച്ച് കേരളത്തിൽനിന്നുള്ള 140 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിച്ച യശ്വന്ത് സിന്‍ഹക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, എന്‍.ഡി.എ സ്ഥാനാർഥി ദ്രൗപദി മുര്‍മുവിന് അപ്രതീക്ഷിതമായി കേരളത്തില്‍നിന്ന് ഒരു വോട്ട് കിട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഡി.എക്ക് വോട്ട് വേണം എന്ന സംഘ്പരിവാര്‍ നിര്‍ബന്ധം നടന്നെന്നും അൻവർ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2022ല്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 എം.എല്‍.എ.മാരും വോട്ട് ചെയ്തിരുന്നു. കക്ഷിരാഷ്ട്രീയം അനുസരിച്ച് ഈ 140 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിച്ച ശ്രീ. യശ്വന്ത് സിന്‍ഹക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, എന്‍.ഡി.എയുടെ സ്ഥാനാർഥിയായിരുന്ന ശ്രീമതി ദ്രൗപദി മുര്‍മുവിന് അപ്രതീക്ഷിതമായി കേരളത്തില്‍ നിന്നും 1 വോട്ട് കിട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഡി.എക്ക് വോട്ട് വേണം എന്ന സംഘ്പരിവാര്‍ നിര്‍ബന്ധം നടന്നു. കേരളത്തില്‍ നിന്നു മാത്രമാണ് സംഘ്പരിവാറിന് വോട്ട് കിട്ടാന്‍ സാധ്യതയില്ലാതിരുന്നത്. ഈ വോട്ട് ഒരു അബദ്ധമായി കണ്ടുകൂട. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കണ്‍ അഡ്വാന്‍സ് ആയിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബി.ജെ.പിക്ക് നല്‍കിയ ആ വോട്ട്. പൊളിറ്റിക്കല്‍ നെക്‌സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.