പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ: റിദാന് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി ബന്ധുക്കൾ
text_fieldsമലപ്പുറം: എടവണ്ണ ചെമ്പക്കുത്തിൽ ഒന്നരവർഷം മുമ്പ് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ കുടുംബം. വെടിയേറ്റ് മരിച്ച റിദാൻ ബാസിലിന്റെ കൊലപാതകക്കേസിൽ പൊലീസ് കള്ളക്കഥ ചമച്ചെന്ന് പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കുടുംബവും രംഗത്തുവന്നത്. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും റിദാൻ ബാസിലിന്റെ പിതൃസഹോദരങ്ങളായ എടവണ്ണ അറയിലകത്ത് ഹബീബ് റഹ്മാൻ, മുജീബ് റഹ്മാൻ, നംഷിദ് എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു വർഷത്തിലധികമായി കേസുമായി ബന്ധപ്പെട്ട തുടർനീക്കങ്ങളുടെ വിവരങ്ങളൊന്നും പൊലീസ് നൽകിയിട്ടില്ല. റിദാന്റെ ഭാര്യയും ബന്ധുക്കളും നൽകിയ മൊഴികളും ശരിയായി രേഖപ്പെടുത്തിയിട്ടില്ല.
കൊലപാതകത്തിനു പിന്നിൽ ഉന്നതരുമായി ബന്ധമുള്ള സംഘമുണ്ടെന്ന് സംശയമുണ്ട്. സംഭവത്തിൽ എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ അറസ്റ്റിലായിരുന്നു. കൊലപാതകം സുഹൃത്തായ ഷാനിന്റെ തലയിൽ മാത്രം കെട്ടിവെച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. കൊലപാതകം നടന്ന രണ്ടാഴ്ച ശക്തമായ അന്വേഷണം നടക്കുന്നതായി കാണിച്ച് പിന്നീട് പൊലീസ് പദ്ധതിയനുസരിച്ചാണ് കേസ് നീങ്ങിയതെന്ന് എം.എൽ.എയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുകയാണ്. മലമുകളിൽ ഒരാൾമാത്രം വിചാരിച്ചാൽ വെടിവെച്ച് കൊല്ലാനാകില്ല. പിന്നിൽ കൂടുതൽ പേരുണ്ടാകാൻ സാധ്യത കൂടുതലാണ്. പൊലീസുമായി ബന്ധമുള്ള സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.
റിദാന്റെ ഭാര്യക്ക്, പൊലീസ് അറസ്റ്റുചെയ്ത സുഹൃത്ത് ഷാനുമായി രഹസ്യബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പൊലീസ് ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം സമ്മതിക്കണമെന്ന് നിർബന്ധിച്ച് പൊലീസ് റിദാന്റെ ഭാര്യയെ മർദിച്ചതായും ബന്ധുക്കൾ ആരോപിച്ചു. റിദാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഫോണുകൾ കണ്ടെടുക്കാത്തത് ദുരൂഹമാണ്. തിരച്ചിൽ നടത്തി പൊലീസ് കണ്ടെത്തിയ ഫോൺ റിദാന്റെതായിരുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.