‘ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ സമയമെടുക്കും, അജിത് കുമാറിനെ പിരിച്ചുവിടുകയാണ് വേണ്ടത്’; വീണ്ടും വെടിപൊട്ടിച്ച് അൻവർ
text_fieldsമലപ്പുറം: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി.വി അൻവർ എം.എൽ.എ. മലപ്പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരത്തിന് വേണ്ടി മാത്രമായി വന്ന് ആർ.എസ്.എസുകാരെ കണ്ടതല്ല. നിങ്ങൾ രണ്ടുതവണ കണ്ടതിനെ കുറിച്ചാണ് പറയുന്നത്, പതിനായിരം പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അയാളുടെ സംസർഗം. അവരുടെ അജണ്ടയാണ് നടപ്പാക്കുന്നത്. എനിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എന്തുകൊണ്ടാണ് ഇക്കാര്യം ബോധ്യപ്പെടാത്തതെന്ന ചോദ്യത്തിന് അതെനിക്കറിയില്ലെന്നായിരുന്നു മറുപടി. ‘ചില സംഗതികൾ അങ്ങനെയാണല്ലോ. ചില ആളുകൾക്ക് ബോധ്യപ്പെടണമെങ്കിൽ കുറച്ചു സമയമെടുക്കുമായിരിക്കും. ഹെഡ്മാസ്റ്ററെ കുറിച്ചുള്ള കാര്യം പ്യൂൺ അന്വേഷിച്ച് ഹെഡ്മാസ്റ്റർക്ക് തന്നെ റിപ്പോർട്ട് കൊടുക്കുന്ന പോലെയാണ് പൂരം കലക്കിയതിനെ കുറിച്ച് അജിത് കുമാർ അന്വേഷിച്ച് റിപ്പോർട്ട് കൊടുത്തത്.
എ.ഡി.ജി.പിയെ സസ്പെൻഡ് ചെയ്യുകയല്ല, ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്. ഞാൻ ആദ്യം പറഞ്ഞത് മാറ്റിനിർത്തണമെന്നാണ്. ഒരാഴ്ച മുമ്പ് സസ്പെൻഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്ന് ഞാൻ പറയുന്നത് ഡിസ്മിസ് ചെയ്യണമെന്നാണ്. ഈ ഡിപ്പാർട്ട്മെന്റിൽനിന്ന് അയാളെ താഴെയിറക്കണം. അയാൾ പൊലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്നയാളല്ല. അത് പ്രപഞ്ചത്തിൽ നിൽക്കുന്ന സത്യമാണ്. അത് ജനങ്ങൾക്കറിയാം. അയാൾ ക്രിമിനലാണ്, നോട്ടോറിയസ് ക്രിമിനൽ. ആർ.എസ്.എസ് നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയിലുള്ള അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.