പി.വി. അൻവറിന്റെ മിച്ചഭൂമി: ഉദ്യോഗസ്ഥ ഒത്താശയെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ 6.2 ഏക്കർ മാത്രം മിച്ചഭൂമിയായി തിരിച്ചുപിടിക്കാനുള്ള ഉത്തരവിനായി ഉദ്യോഗസ്ഥതലത്തിൽ ഒത്താശ ലഭിച്ചതായി പരാതിക്കാരൻ. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് മതിയായ പരിശോധന നടത്താതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് ഉത്തരവിറക്കിയത് എന്നാണ് ആരോപണം. അൻവറിന്റെ തോട്ടം ഭൂമികൾ മാത്രമാണ് കണ്ടുകെട്ടേണ്ടതിന്റെ പട്ടികയിലുൾപ്പെടുത്തിയത്.
വിഷയത്തിൽ ലാൻഡ് ബോർഡ് സ്വതന്ത്ര അന്വേഷണം നടത്തിയില്ലെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൻവറിന് ‘വലിയ പരിക്കേൽക്കാത്ത തരത്തിൽ’ ഉത്തരവിറക്കുകയാണുണ്ടായതെന്നുമാണ് പരാതിക്കാരനായ, വിവരാവകാശപ്രവർത്തകൻ കൂടിയായ കെ.വി. ഷാജി പറയുന്നു. എം.എൽ.എയുടെ ആകെ ഭൂമിയുടെ വിശദാംശങ്ങൾ (കമ്പനിയുടെ പേരിൽ, സ്വന്തം പേരിൽ, കുടുംബാംഗങ്ങളുടെ പേരിൽ) ഇനം തിരിച്ച് ലാൻഡ് ബോർഡ് വാങ്ങുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മൊത്തം ഭൂമിയുടെയും അളവ് പരിശോധിക്കാതെ എങ്ങനെയാണ് മിച്ചഭൂമിയുടെ അളവ് നിശ്ചയിക്കുക എന്നും ഷാജി ചോദിക്കുന്നു.
അതേസമയം, മിച്ചഭൂമിയായി കണക്കാക്കുന്നതിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട, വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളുമുള്ള വസ്തുവിനെ ഒഴിവാക്കിയിട്ടുമുണ്ട്. മുഴുവൻ ഭൂമിയുടെയും രേഖകൾ വാങ്ങി പരിശോധിക്കുന്നതിനുപകരം പരാതിക്കാരൻ നൽകിയ 56 ഏക്കറിന്റെ 30 പ്രമാണങ്ങൾ മാത്രമാണ് ലാൻഡ് ബോർഡ് പരിശോധിച്ചത്. ഇദ്ദേഹത്തിന് പങ്കാളിത്തമുള്ള പല കമ്പനികളും പ്രവർത്തനരഹിതമാണെങ്കിലും അവയുടെ ആസ്തികൾ പരിശോധിച്ചിട്ടില്ല.
പങ്കാളിത്ത ഡീഡ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന പഴയ ഒരു കോടതിവിധി അടിസ്ഥാനമാക്കിയാണ് 11 ഏക്കർ ഭൂമി ഒഴിവാക്കപ്പെട്ടത്. എന്നാൽ, ആ കോടതിവിധി അവകാശതർക്കവുമായി ബന്ധപ്പെട്ട കേസിലേതാണെന്നും ഇത് മിച്ചഭൂമി കൈവശം വെക്കുന്ന കേസിൽ അടിസ്ഥാനമാക്കാനാവില്ല എന്നുമാണ് പരാതിക്കാരന്റെ പക്ഷം. ഇതെല്ലാം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കെ.വി. ഷാജി.
കുറച്ചുഭൂമി മാത്രം തിരിച്ചുപിടിക്കാനുള്ള ഉത്തരവ് എം.എൽ.എയും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിന്റെ തെളിവായാണ് വിലയിരുത്തുന്നത്. ഭൂമി തിരിച്ചുപിടിക്കുന്ന നടപടി വൈകുന്നതിലെ കോടതിയലക്ഷ്യ കേസിന്റെ കഴിഞ്ഞ സിറ്റിങ്ങിൽ ലാൻഡ് ബോർഡ് ചെയർമാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെയാണ് കേസ് വന്നതിനുശേഷമുള്ള 18ാമത് ഉദ്യോഗസ്ഥൻ ഏറനാട്, താമരശ്ശേരി, ആലത്തൂർ താലൂക്കുകളിലെ മിച്ചഭൂമി തിരിച്ചുനൽകാനാവശ്യപ്പെട്ട് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.