സി.പി.എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയത് മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം; പ്രതി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി
text_fieldsകൊയിലാണ്ടി: ഉത്സവപ്പറമ്പിൽവെച്ച് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥിനെ വെട്ടിക്കൊന്ന പെരുവട്ടൂര് പുറത്തോന അഭിലാഷ് മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം. സത്യനാഥിന്റെ അയൽവാസിയായ അഭിലാഷ് കൊയിലാണ്ടി നഗരസഭയിലെ രണ്ട് ചെയർമാന്മാരുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അഭിലാഷ് മൊഴി നൽകിയത്. പാർട്ടി തർക്കങ്ങളിൽ സത്യനാഥ് സ്വീകരിച്ച നിലപാടാണ് വ്യക്തി വിരോധത്തിന് വഴിവെച്ചത്. കൊല നടത്തിയത് തനിച്ചാണെന്നും അഭിലാഷ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
പാർട്ടിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അഭിലാഷ് പങ്കാളിയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു നേതാവ് തനിക്കെതിരെ അക്രമം നടന്നുവെന്ന് കാണിക്കാൻ വ്യാജ അക്രമം സൃഷ്ടിച്ചിരുന്നു. ബൈക്ക് കത്തിക്കുകയും വാഴ വെട്ടിനശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ അഭിലാഷിന് പങ്കാളിത്തം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
മുൻ ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടായപ്പോൾ അഭിലാഷ് മാരകായുധങ്ങളുമായി കാവൽ നിന്നിരുന്നതായും പറയപ്പെടുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് അഭിലാഷ് എന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ പുളിയോറ വയലിൽ പി.വി. സത്യനാഥിനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്ര ഓഫീസിന് സമീപത്തു വെച്ചാണു വെട്ടേറ്റത്.
സത്യനാഥിനെ പ്രതിയായ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽകാലിക ഡ്രൈവറുമായിരുന്നു അഭിലാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.