സാബു എം. ജേക്കബിനെതിരെ പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതി
text_fieldsകോലഞ്ചേരി: ജാതീയമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് ട്വൻറി 20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിനെതിരെ പി.വി. ശ്രീനിജിൻ എം.എൽ.എ പരാതി നൽകി. കഴിഞ്ഞദിവസം നടന്ന പൂതൃക്ക പഞ്ചായത്തുതല ട്വന്‍റി 20 യോഗത്തിലെ പ്രസംഗത്തിനെതിരെയാണ് പി.വി. ശ്രീനിജിൻ എം.എൽ.എ പുത്തൻകുരിശ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
കുന്നത്തുനാട് സംവരണ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗമായ തന്നെ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 5.30ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ സാബു എം. ജേക്കബ് നിയമസഭാംഗം എന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഔദ്യോഗികമായി നിർവഹിക്കേണ്ട ചുമതലകൾ നിർവഹിക്കാനാവാത്ത തരത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് പ്രസംഗിച്ചതായി എം.എൽ.എ പരാതിയിൽ പറയുന്നു.
ഹിന്ദു പുലയ സമുദായാംഗമായ താൻ പട്ടികജാതി വിഭാഗത്തിൽപെടുന്ന വ്യക്തിയാണെന്ന ബോധ്യത്തോടുകൂടി വിവിധതരത്തിൽ ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളാണ് നടത്തിയത്. പ്രസംഗം തനിക്ക് മാനഹാനിയും മനോവേദനയും ഉണ്ടാക്കിയതിനാൽ 1989ലെ പട്ടികജാതി - പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചും പ്രസംഗകനെതിരെയും അന്ന് വേദിയിൽ ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന വ്യക്തികൾക്കെതിരെയും കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.