അൻവറിന്റേത് ധൃതരാഷ്ട്രാലിംഗനം; മുഖ്യമന്ത്രി വെട്ടിൽ
text_fieldsതിരുവനന്തപുരം: പൊലീസിനെതിരെ ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ പുറത്തുവിട്ട വിവരങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും വെട്ടിൽ. പിണറായി വിജയനെയും പാർട്ടിയെയും രക്ഷിക്കാനാണ് തന്റെ പടപ്പുറപ്പാടെന്നാണ് അൻവർ അവകാശപ്പെടുന്നത്. എന്നാൽ, എം.എൽ.എ പറയുന്നതെല്ലാം മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പി.വി. അൻവർ പറഞ്ഞതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് പൊലീസിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയോട് ഇക്കാര്യങ്ങളെല്ലാം പലവട്ടം പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. നേരിട്ടൊന്നും പറയുന്നില്ലെങ്കിലും അജിത്കുമാറിന്റെ വഴിവിട്ട നടപടികൾക്കെല്ലാം പിന്നിൽ പി. ശശിയാണെന്ന് പറയാതെ പറയുന്നുമുണ്ട് പി.വി. അൻവർ. ഇതൊക്കെ അറിഞ്ഞിട്ടും പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കണോയെന്ന കാര്യം പാർട്ടി തീരുമാനിക്കട്ടെയെന്നും പറയുന്ന എം.എൽ.എ മുഖ്യമന്ത്രിക്കും പാർട്ടിക്കും മുന്നിൽ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുകയാണ്.
കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ പെരുമാറ്റദൂഷ്യത്തിന് പാർട്ടിയിൽനിന്ന് പുറത്തായ പി. ശശിയെ പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്താണ് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തും കൊണ്ടുവന്നത്. പി. ശശിക്കും പി.വി. അൻവറിനുമിടയിലെ പൊട്ടിത്തെറിയുടെ പൊരുൾ ഈ ഘട്ടത്തിൽ വ്യക്തമല്ല.
പാർട്ടിയിൽ അത്രയൊന്നും വലുതല്ലാത്ത പി.വി. അൻവറിന്റെ ഈ വാക്കുകൾ അവകാശവാദം മാത്രമാണ്. പിന്നിൽ മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തം. ഇത്രയൊക്കെ വലിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകാൻ അൻവർ തയാറായിട്ടില്ല.
അതുകൊണ്ടുതന്നെ, ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമോ മാഫിയക്കെതിരായ നടപടിയോ അല്ല, ചിലരോടുള്ള കണക്കുതീർക്കലാണ് എം.എൽ.എയുടെ ലക്ഷ്യമെന്ന് കരുതാൻ ന്യായമുണ്ട്. ഏതായാലും പ്രതിപക്ഷത്തിന് വലിയ ആയുധമാണ് വീണുകിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.