പി.വി.സിയുടെ ഭാര്യക്ക് പ്രഫസർ നിയമനം: ഇന്‍റർവ്യൂവിന് 20ൽ 19 മാർക്ക്; രേഖ പുറത്ത്
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ.സി.ടി. അരവിനന്ദ് കുമാറിന്‍റെ ഭാര്യക്ക് കുസാറ്റിൽ പ്രഫസർ നിയമനത്തിന് ഇന്‍റർവ്യൂവിൽ ഏറ്റവും ഉയർന്ന മാർക്ക് നൽകിയ രേഖകൾ പുറത്ത്. 20ൽ 19 മാർക്കാണ് ഡോ. കെ. ഉഷക്ക് സർവകലാശാല ഇന്‍റർവ്യൂവിൽ നൽകിയത്.
അരവിന്ദ് കുമാർ ഒപ്പിട്ട് നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഡോ. ഉഷയെ പ്രഫസറായി കുസാറ്റിൽ നിയമിച്ചതെന്ന് കഴിഞ്ഞ ദിവസം സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് ആരോപണത്തിന് ബലം നൽകുന്ന രേഖ പുറത്തുവന്നത്. ഉയർന്ന അക്കാദമിക് യോഗ്യതയും ഗവേഷണ, അധ്യാപന പരിചയവുമുള്ളവരെ തഴഞ്ഞ് ഇന്‍റർവ്യൂ മാർക്കിന്‍റെ ബലത്തിലാണ് ഉഷക്ക് ഒന്നാം റാങ്ക് നൽകിയതെന്നാണ് രേഖകൾ.
ഇന്‍റർവ്യൂവിൽ പങ്കെടുത്തവരിൽ ഉയർന്ന അക്കാദമിക് യോഗ്യതയുള്ള ഡോ. സോണി സി. ജോർജിന് അഞ്ച് മാർക്കാണ് വി.സി അധ്യക്ഷനായ ഇന്റർവ്യൂ ബോർഡ് നൽകിയത്. കുസാറ്റിലെതന്നെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രഫസർ ഡോ.വി. ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടവരിൽപെടുന്നു. പി.എസ്.സി ഇന്‍റർവ്യൂവിൽ പരമാവധി 20ൽ 14 മാർക്കാണ് (70 ശതമാനം) ഉദ്യോഗാർഥിക്ക് നൽകുന്നതെങ്കിൽ കുസാറ്റ് ഉഷയുടെ നിയമനത്തിനായി നൽകിയത് 19 മാർക്കാണ്. മറ്റ് സർവകലാശാലകളും ഇൻറർവ്യൂവിന് പി.എസ്.സിയുടെ മാതൃകയാണ് പിന്തുടരുന്നത്.
കണ്ണൂർ സർവകലാശാലയിൽ 651 റിസർച് സ്കോർ ലഭിച്ച രണ്ടാം റാങ്കുകാരനെ പിന്തള്ളി 156 സ്കോർ ലഭിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയതിന് സമാനമാണ് കുസാറ്റിലെ നിയമനമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
നിയമനത്തെ ന്യായീകരിച്ച് മന്ത്രി ബിന്ദു
തിരുവനന്തപുരം: എം.ജി സർവകലാശാല പി.വി.സി ഡോ. അരവിന്ദ്കുമാറിന്‍റെ ഭാര്യക്ക് കുസാറ്റിൽ പ്രഫസർ തസ്തികയിൽ നിയമനം നൽകിയതിനെ നിയമസഭയിൽ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.ഗവേഷണ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രഫസർ നിയമനം. എം.ജി പി.വി.സിയുടെ ഭാര്യയായതുകൊണ്ട് നിയമനം പാടില്ല എന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു.
പഴയ കോൺഗ്രസ് നേതാക്കൾ ചേർന്നുണ്ടാക്കിയ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ താറടിക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും മന്ത്രി പറഞ്ഞു.
എം.ജിയിലെ ഗെസ്റ്റ് അധ്യാപിക കുസാറ്റിൽ പ്രഫസർ; ആരോപണം അടിസ്ഥാനരഹിതമെന്ന്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരിസ്ഥിതി പഠന വകുപ്പിൽ എം.ജി സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയെ പ്രഫസറും മേധാവിയുമായി നിയമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുസാറ്റ്.
ഡോ. കെ. ഉഷയുടെ നിയമനവുമായി ബന്ധപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി ഫോറം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാർത്തക്കുറിപ്പിൽ സർവകലാശാല പറഞ്ഞു. 2010ലെ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച്, 17-08-2015ല്‍ സര്‍വകലാശാല വിജ്ഞാപനപ്രകാരം നടത്തിയ നിയമനം ആണ് ഡോ. ഉഷയുടേത്. വിദ്യാഭ്യാസ മേഖലയില്‍ പ്രഗല്ഭരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.